ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന എകെ 203 തോക്കുകള്‍ പോലിസിന് നല്‍കാന്‍ കേരള സര്‍ക്കാര്‍ 1.3 കോടി രൂപ അനുവദിച്ചു. 100 തോക്കുകള്‍ വാങ്ങാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 150 എണ്ണംകൂടി പിന്നീട് വാങ്ങും. കേന്ദ്രത്തിന്റെ പോലിസ് നവീകരണത്തിനുള്ള ഫണ്ടില്‍നിന്നാണ് തുകയനുവദിച്ചത്. നിലവില്‍ എകെ-47, ഇന്‍സാസ്, എസ്എല്‍ആര്‍, ഘട്ടക്ക് റൈഫിളുകളാണ് കേരള പോലിസ് ഉപയോഗിക്കുന്നത്. കേരളാ പോലിസിന് ലഭിക്കുന്ന എകെ 203 തോക്ക് തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കാകും ആദ്യം ലഭ്യമാക്കുക.
ഇന്തോ-റഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത കമ്പനിയാണ് തോക്ക് നിര്‍മിക്കുന്നത്. റഷ്യന്‍ കമ്പനികളായ റോസോബോറോണ്‍ എക്സ്പോര്‍ട്ടും കലാഷ്നിക്കോവ് ഗ്രൂപ്പും ഇന്ത്യന്‍ കമ്പനികളായ അഡ്വാന്‍സഡ് വെപ്പണ്‍സ് ആന്റ് എക്യുപ്മെന്റ് ഇന്ത്യാ ലിമിറ്റഡും മുണീഷ്യന്‍സ് ഇന്ത്യ ലിമിറ്റഡുമാണ് സംയുക്തമായി പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് 31നാണ് തോക്കുകള്‍ക്കുള്ള ടെന്‍ഡര്‍ തയ്യാറായത്. ഇക്കാര്യം ഏപ്രില്‍ പതിനഞ്ചിന് ഇന്ത്യയിലെ റഷ്യന്‍ എംബസി സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശം ഒരു ലക്ഷത്തോളം എകെ-203 തോക്കുകളുണ്ട്.
5.56 എംഎം തിര ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അതേസമയം 3.8 കിലോഗ്രാം തൂക്കമുള്ള എകെ-203ല്‍ കൂടുതല്‍ ശക്തമായ 7.62 എംഎം തിരയാണ് ഉപയോഗിക്കുക. 30ഉം 50ഉം തിരകള്‍ ഇടാവുന്ന മാഗസിനുകള്‍ ഈ തോക്കില്‍ ചേര്‍ക്കാനും കഴിയും.