ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളിയെ വെടിവച്ചു കൊന്നതായി റിപോര്‍ട്ട്
തിരുവനന്തപുരം: ജോര്‍ദാനില്‍ നിന്നും ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചതായി റിപോര്‍ട്ട്. തിരുവനന്തപുരത്തെ തുമ്പ സ്വദേശി ഗബ്രിയേല്‍ ആണ് മരിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തുമ്പയില്‍ നിന്നും നാലംഗ സംഘമാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്.വിസിറ്റ് വിസയില്‍ ജോര്‍ദാനില്‍ എത്തിയ സംഘം ഇസ്രായേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
സംഘത്തിലെ രണ്ടു പേരെ ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായും രക്ഷപ്പെട്ട് നാട്ടിലെത്തിയ മേനംകുളം സ്വദേശി എഡിസണ്‍, ഗബ്രിയേലിന്റെ കുടുംബത്തെ അറിയിച്ചു. എഡിസണ്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗബ്രിയേലിന്റെ കുടുംബം പോലിസില്‍ പരാതി നല്‍കി. പോലിസും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫലസ്തീനികളുടെ ഭൂമി തട്ടിയെടുത്ത് രൂപീകരിച്ച ഇസ്രായേല്‍ എന്ന രാജ്യത്തിന് ജോര്‍ദാനുമായി 482 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട്. അഖാബ ഉള്‍ക്കടല്‍ മുതല്‍ ഗോലാന്‍ കുന്നുകള്‍ വരെയാണ് അതിര്‍ത്തി. തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം പ്രദേശത്തെ സൈനികരുടെ എണ്ണം ഇസ്രായേല്‍ ഇരട്ടിയാക്കിയിട്ടുണ്ട്.