തിരുവനന്തപുരം: കേരളത്തില്‍ വിവാഹചെലവ് വന്‍തോതില്‍ വര്‍ധിച്ചതായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനം. ഒരു വര്‍ഷം 22,810 കോടി രൂപയാണ് മലയാളികള്‍ വിവാഹത്തിനായി ചെലവഴിക്കുന്നതെന്ന് പഠനം പറയുന്നു. 2004ല്‍ ഇത് 6,787 കോടി രൂപയായിരുന്നു. കുടുംബങ്ങളെ കടക്കാരാക്കുന്ന രണ്ടു പ്രധാന ചെലവുകള്‍ വിവാഹവും ചികില്‍സാ ചെലവുമാണ്.
സ്ത്രീധനം വാങ്ങുന്നതിലും കൊടുക്കുന്നതിലും വലിയ കുറവുണ്ടായതായി പഠനം കാണിക്കുന്നു. പക്ഷേ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധനകാരണം ഇതിനുവേണ്ടിവരുന്ന തുകയില്‍ വലിയമാറ്റമില്ല. വിവിധ വിഷയങ്ങളിലായി 2019ല്‍ പരിഷത്ത് നടത്തിയ സര്‍വേയിലെ കണ്ടെത്തലാണ് അടുത്തിടെ പ്രസിദ്ധീകരിച്ചത്.
ഒരു മുസ്‌ലിം വിവാഹത്തിന് 2004ല്‍ ശരാശരി 1,66,643 രൂപയായിരുന്നു ചെലവ്. ഇത് 2019ല്‍ 5,60,062 ആയി ഉയര്‍ന്നു. ക്രിസ്ത്യന്‍ പിന്നാക്കവിഭാഗം 1,49,253 (5,17,500), ക്രിസ്ത്യന്‍ മുന്നാക്ക വിഭാഗം 1,49,253 (8,19,466), ഹിന്ദു പിന്നാക്കവിഭാഗം 1,29,020 (5,08,693), ഹിന്ദു മുന്നാക്കവിഭാഗം 1,34,471 (6,42,630), എസ്‌സി വിഭാഗം 74,342 (3,60,407), എസ്ടി വിഭാഗം 18,911 (1,90,545) എന്നിങ്ങനെയാണ് കണക്കുകളെന്ന് പഠനം പറയുന്നു.