ആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം: ഹൈക്കോടതി
കൊച്ചി: ചികില്‍സാ സേവനങ്ങളുടെ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തെ ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഹൈക്കോടതി തള്ളി. ആശുപത്രികളിലും ക്ലിനിക്കുകളിലും ഓരോ സേവനത്തിനുമുള്ള ഫീസും പാക്കേജ് നിരക്കുകളും രോഗികള്‍ക്ക് കാണാവുന്ന രീതിയില്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ ചോദ്യം ചെയ്തിരുന്നത്. ഇതെല്ലാം ഹൈക്കോടതി തള്ളി. ദന്തരോഗചികില്‍സയ്ക്ക് നിയമം ബാധകമാക്കിയതിനെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഈ വാദവും കോടതി തള്ളി. മെഡിക്കല്‍ സയന്‍സിന്റെ ഒരു ഭാഗമാണ് ദന്തരോഗ ചികില്‍സയെന്ന് കോടതി ചൂണ്ടിക്കാട്ടി.