പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ അധ്യാപികയുടെ ശമ്പളവും വാങ്ങാനാവില്ല: ഹൈക്കോടതി
കൊച്ചി: പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ അധ്യാപികയുടെ ശമ്പളവും വാങ്ങാനാവില്ലെന്ന് ഹൈക്കോടതി. കോഴിക്കോട് ജില്ലയിലെ നരിക്കുനി ഭാഗത്തെ എഎംഎല്‍പി സ്‌കൂളിലെ ഹെഡ്മിസ്ട്രസായിരുന്ന വി ഖദീജ 2010ല്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കുകയും മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി മാറുകയും ചെയ്തിരുന്നു. ഹെഡ്മിസ്ട്രസിന്റെ ശമ്പളവും പഞ്ചായത്ത് പ്രസിഡന്റിന്റെ ഹോണറേറിയവും അവര്‍ വാങ്ങി. ഇത് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ശരിവച്ചു. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഇത് ശരിയല്ലെന്ന നിലപാടാണ് ഇന്ന് സ്വീകരിച്ചത്. രണ്ടു പദവികള്‍ വഹിക്കുന്ന ഒരാള്‍ക്ക് പൊതുഫണ്ടില്‍ നിന്ന് രണ്ടു വരുമാനം നേടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.