ഹാല്‍ സിനിമക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെയും കാത്തലിക് കോണ്‍ഗ്രസിന്റെയും അപ്പീല്‍ തള്ളി
കൊച്ചി: 'ഹാല്‍' സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഉത്തരവിട്ട സിംഗിള്‍ബെഞ്ച് വിധിക്കെതിരേ കേന്ദ്രസര്‍ക്കാരും കാത്തലിക് കോണ്‍ഗ്രസും നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി. സിനിമ കണ്ടതിന് ശേഷമാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരിയുടെയും പി വി ബാലകൃഷ്ണന്റെയും ഉത്തരവ്. ഷെയ്ന്‍ നിഗം നായകനായ ഹാല്‍ സിനിമയുടെ ഇതിവൃത്തം മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഒരു ഡസനോളം കട്ടുകള്‍ നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം ചോദ്യംചെയ്ത് നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖും നല്‍കിയ ഹരജിയിലായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാന്‍ തയ്യാറാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതും കണക്കിലെടുത്തായിരുന്നു ഉത്തരവ്. ക്രിസ്ത്യന്‍ സമുദായത്തെയും താമരശ്ശേരി ബിഷപ്പ് ഹൗസിനെയും പ്രതിപാദിക്കുന്ന സിനിമയിലെ മൂന്ന് സീനുകള്‍ക്ക് സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയതിനെയാണ് കാത്തലിക് കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയത്.