നിലമ്പൂരിലെ ആദിവാസിക്ഷേമ ഹരജി പിന്‍വലിക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത്; വിസമ്മതിച്ച് ഹൈക്കോടതി, ജനപ്രതിനിധിയായ ഷൗക്കത്ത് തന്നെ ക്ഷേമം ഉറപ്പാക്കണം

Update: 2025-07-28 11:00 GMT

കൊച്ചി: നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആര്യാടന്‍ ഷൗക്കത്ത് 2023ല്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജിയില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ നിലവിലെ ജനപ്രതിനിധിയായ ആര്യാടന്‍ ഷൗക്കത്തിനെ ചീഫ്ജസ്റ്റിസ് നിതിന്‍ ജംദാര്‍ അധ്യക്ഷനായ ബെഞ്ച് ചുമതലപ്പെടുത്തി.

നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്‍, വഴിക്കടവ്, കരുളായ് ഗ്രാമപഞ്ചായത്തുകളിലെ ആദിവാസി കോളനികളില്‍ പരിശോധന നടത്താന്‍ ഹരജിയിലെ എതിര്‍കക്ഷിയായ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു 2023 ജൂലൈ 27ന് ഷൗക്കത്തും മറ്റു ചിലരും നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുമായിരുന്നു എതിര്‍കക്ഷികള്‍. 2018, 2019 കാലങ്ങളിലെ പ്രളയങ്ങളില്‍ ഇരുട്ടുകുട്ടി, പൂഞ്ഞക്കൊല്ലി പാലങ്ങള്‍ ഒലിച്ചുപോയെന്നും അത് ആദിവാസികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഹരജിയിലുണ്ടായിരുന്നു.

എന്നാല്‍, തന്നെ ഹരജിക്കാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇന്ന് ആര്യാടന്‍ ഷൗക്കത്ത് വാദിച്ചത്. താന്‍ ഇപ്പോള്‍ നിലമ്പൂര്‍ എംഎല്‍എയാണെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, എന്തിനാണ് അങ്ങനെ ഒഴിവാക്കുന്നതെന്ന് കോടതി ചോദിച്ചു. '' ഹരജിക്കാരന്‍ തന്നെ ആ ജോലി ചെയ്യണം. ഞങ്ങള്‍ അദ്ദേഹത്തെ ചുമതലയേല്‍പ്പിക്കും.''- കോടതി പറഞ്ഞു. എന്നാല്‍, ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ അടുത്തവാദം. അത് സാധ്യമല്ലെന്ന് കോടതി പറഞ്ഞു.

'നിങ്ങള്‍ ഒരു എംഎല്‍എയാണ്, ഇപ്പോള്‍ ഹരജി പിന്‍വലിക്കുകയാണോ ? അത് ചെയ്യുന്നത് പരാജയമാണ്, അതിനാല്‍ ഹരജിയില്‍ നിന്നും പിന്‍മാറാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇത് എന്താണ്? നിങ്ങള്‍ ഇപ്പോള്‍ മികച്ച പദവിയിലാണ്...ജനപ്രതിനിധിയാണ്. ഹരജിയില്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റെടുത്ത് നടപ്പാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഹരജിയിലെ ആവശ്യങ്ങള്‍ നിങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാന പത്രികയിലുണ്ടായിരുന്നിരിക്കും. കൂടുതല്‍ പറയാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്. ഹരജി പിന്‍വലിക്കണമെന്ന ആവശ്യം ഞങ്ങളെ അല്‍ഭുദപ്പെടുത്തി.''- കോടതി പറഞ്ഞു.

തുടര്‍ന്ന് ഹരജി തീര്‍പ്പാക്കി ഹൈക്കോടതി ഉത്തരവിട്ടു.''പ്രദേശത്തെ ആദിവാസികളുടെ മനുഷ്യാവകാശ ലംഘനങ്ങളും മോശം അവസ്ഥയുമാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ആദിവാസികളുടെ അടിസ്ഥാന ജീവിത ആവശ്യങ്ങളും സാമൂഹിക നീതിയും നേടിയെടുക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള വിവിധ വിഷയങ്ങള്‍ ഈ ഹരജിയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നദിക്ക് കുറുകെ ഒരു പാലം പണിയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും ഹരജിയില്‍ ആവശ്യമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവര്‍ നിര്‍വഹിക്കേണ്ട ഒരു കടമയാണിത്. ഒന്നാം ഹരജിക്കാരനായ ആര്യാടന്‍ ഷൗക്കത്ത് നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതായി ഞങ്ങള്‍ ഇപ്പോള്‍ അറിഞ്ഞു... എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍, ഹരജിയില്‍ താന്‍ തന്നെ ഉന്നയിച്ച വിഷയങ്ങള്‍ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് കൂടുതല്‍ സൗകര്യമുണ്ടാകും. അതിനാല്‍, ഈ ദൗത്യം ആര്യാടന്‍ ഷൗക്കത്ത് തന്റെ പുതിയ പദവിയിലിരുന്ന് മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങള്‍ അഭിപ്രായപ്പെടുന്നു...പ്രദേശത്തെ ജനങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഒന്നാം ഹരജിക്കാരന്‍ അദ്ദേഹം ഏറ്റെടുത്ത പുതിയ സ്ഥാനത്ത് ഇരുന്ന് ആവശ്യങ്ങള്‍ പരിശോധിക്കും.''-കോടതി പറഞ്ഞു.