കാണാതാവുന്നവരെ കണ്ടുപിടിക്കാന്‍ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് ഹൈക്കോടതി

Update: 2025-11-21 13:10 GMT

കൊച്ചി: കാണാതാവുന്നവരെ കണ്ടുപിടിക്കാന്‍ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ അഞ്ചിന് കുവൈത്തില്‍ നിന്നും കൊച്ചിയില്‍ എത്തിയപ്പോള്‍ കാണാതായ സുരാജ് ലാമയെ കണ്ടുപിടിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് മകന്‍ സാന്റണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്പോഴാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. സുരാജ് ലാമയെ കണ്ടുപിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ മനുഷ്യക്കടത്ത് തടയാനുള്ള സംഘത്തെയും കക്ഷിയാക്കി. എന്നാല്‍, ഇതുവരെയും അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല.

സുരാജ് ലാമ തൊട്ടടുത്ത് എവിടെയെങ്കിലും ഉണ്ടാവാമെന്നും അയാള്‍ക്ക് ആശയവിനിമയ ശേഷിയില്ലാത്തതാവാം കണ്ടുപിടിക്കാന്‍ പ്രയാസമെന്നും കോടതി വാക്കാല്‍ പറഞ്ഞു. തുടര്‍ന്നാണ് കാണാതായവരെ കണ്ടുപിടിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കോടതി നിര്‍ദേശിച്ചത്. ഒരാളെ കാണാതായാല്‍ അയാളെ കുറിച്ചുള്ള വിവരങ്ങള്‍ കേരളം മുഴുവന്‍ പ്രചരിപ്പിക്കാനുള്ള സംവിധാനമാണ് ആവശ്യം. അതുവഴി ആളെ വേഗം കണ്ടെത്താന്‍ കഴിയുമെന്നും കോടതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.