അംഗീകാരമില്ല: പുന്നയൂര്‍ മഅ്ദിന്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ ഖുര്‍ആന്‍ അധിഷ്ഠിത മതപാഠങ്ങള്‍ പഠിപ്പിച്ചിരുന്ന തൃശൂര്‍ പുന്നയൂരിലെ മഅ്ദിന്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാഭ്യാസ അവകാശ നിയമം 2009 ലംഘിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുന്നയൂര്‍ സ്വദേശികളായ മൊയ്തുണ്ണിക്കുട്ടി, ബാപ്പു എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സര്‍ക്കാരില്‍ നിന്നും ആവശ്യമായ അംഗീകാരം ഇല്ലാതെ സ്‌കൂള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും, മറ്റ് ചില സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതികളോ അക്രഡിറ്റേഷനുകളോ ഉണ്ടായാലും അത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മുമ്പ് ഹിദായ ചാരിറ്റബിള്‍ ട്രസ്റ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മതപാഠങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.
'ആര്‍ടിഇ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം സാധുവായ അംഗീകാരം ഇല്ലാതെ വിദ്യാഭ്യാസ സ്ഥാപനം നടത്താന്‍ അവകാശമില്ല. അതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം,' കോടതി ഉത്തരവില്‍ പറയുന്നു.
അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെ 2025-26 അക്കാദമിക് വര്‍ഷം അവസാനിക്കുന്നതുവരെ സ്‌കൂളിന് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും കോടതി നിര്‍ദേശിച്ചു.
മഅ്ദിന്‍ നോളജ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂള്‍ സര്‍ക്കാര്‍ അംഗീകാരമില്ലാതെയും സംസ്ഥാനത്തിന്റെ അനുമതിയില്ലാതെയും മതപാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഇത് സ്ഥിരീകരിക്കുകയും, നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്‌കൂള്‍ അടച്ചുപൂട്ടാനും വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും നടപടികള്‍ ആരംഭിച്ചു. ഇതിനെ ചോദ്യം ചെയ്ത് സ്‌കൂള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം സ്‌കൂളിന് ഇല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കോടതി വ്യക്തമാക്കി. ആര്‍ടിഇ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം, സര്‍ക്കാര്‍ അംഗീകാരം ലഭിക്കാതെ ഒരു സ്‌കൂളിനും പ്രവര്‍ത്തിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൗണ്ടര്‍ അഫിഡവിറ്റില്‍, ഏകദേശം 300 വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുകയും പ്രധാനമായും ഖുര്‍ആനും അനുബന്ധ വിഷയങ്ങളും പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന് സ്‌കൂള്‍ സമ്മതിച്ചിരുന്നു. മുന്‍ വിധികള്‍ പരിഗണിച്ച്, എന്‍ഐഒസ് അക്രഡിറ്റേഷന്‍ മാത്രം അടിസ്ഥാനമാക്കി സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് കോടതി വിധിച്ചു. പരാതിക്കാര്‍ക്ക് വേണ്ടി: അഡ്വ. എസ്‌കെ ആദിത്യന്‍ ഹാജരായി. സ്‌കൂളിന് വേണ്ടി അഡ്വ. നാസിഫ് കെഎന്‍, അഡ്വ. അബ്ദുല്‍ കരീം എന്നിവരും സംസ്ഥാനത്തിന് വേണ്ടി: സര്‍ക്കാര്‍ പ്ലീഡര്‍ എന്‍ബി സുനില്‍നാഥും കോടതിയില്‍ ഹാജരാജി.

