കുവൈത്ത് നാടുകടത്തിയ ആളെ കാണാതായി: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

Update: 2025-10-25 08:06 GMT

കൊച്ചി: ഓര്‍മ നഷ്ടപ്പെട്ട അവസ്ഥയില്‍ കുവൈത്തില്‍നിന്ന് കൊച്ചിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ(59) കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി കമ്മീഷണറാണ് പ്രത്യേക സംഘം രൂപീകരിക്കേണ്ടത്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സംഘത്തിന് നേതൃത്വം നല്‍കണം. സൂരജ് ലാമയുടെ മകന്‍ സന്ദന്‍ ലാമ ഫയല്‍ചെയ്ത ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഒക്ടോബര്‍ അഞ്ചിന് കുവൈത്തില്‍നിന്ന് സൂരജ് ലാമയെ കൊച്ചിയിലേക്ക് നാടുകടത്തിയെന്നും അതിനുശേഷം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സൂരജ് ലാമയെ നാടുകടത്തിയതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. എസ് കൃഷ്ണ കോടതിയെ അറിയിച്ചു. വിഷയത്തില്‍ കുവൈത്ത് എംബസിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കൃഷ്ണയ്ക്ക് കോടതി നിര്‍ദേശം നല്‍കി. കുവൈത്തില്‍ നിന്ന് എത്തി നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയ സൂരജ് ലാമയെ തൃക്കാക്കര പോലിസ് എട്ടാം തീയ്യതി എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇവിടെനിന്ന് കാണാതാവുകയായിരുന്നു.