വിവാഹശേഷം മതം മാറിയ യുവതിയുടെ വിവാഹ സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റാന്‍ അനുമതി
കൊച്ചി: വിവാഹശേഷം മതം മാറിയ യുവതിയുടെ വിവാഹ സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി. എറണാകുളം പള്ളുരുത്തി സ്വദേശിയായ യുവതിയുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. 2017ല്‍ മിശ്രവിവാഹിതരായ ദമ്പതികളാണ് വിവാഹ സര്‍ട്ടിഫിക്കറ്റിലെ പേരുതിരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2017ലാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞ് യുവതി ഭര്‍ത്താവിന്റെ മതം സ്വീകരിച്ചിരുന്നു. പുതിയ പേരും സ്വന്തമാക്കി. ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ എല്ലാ രേഖകളിലും പേരു മാറ്റുകയും ചെയ്തു.
യുഎഇയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് ഫാമിലി വിസയില്‍ പോവാനായി 2008ലെ കേരള രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ്‌സ് ആക്ട് പ്രകാരവും വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പഴയ പേരാണുണ്ടായിരുന്നത്. ഇത് തിരുത്തി നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറി തയ്യാറായില്ല. വലിയ തിരുത്തായതിനാല്‍ സാധ്യമല്ലെന്നാണ് പറഞ്ഞത്. തുടര്‍ന്നാണ് യുവതി ഹരജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. രേഖകള്‍ തിരുത്താന്‍ 2008ലെ നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളെയും കേസില്‍ കക്ഷിയാക്കി. സ്വന്തം ഇഷ്ടത്തിനാണ് യുവതി പേരുമാറ്റിയതെന്ന് അവര്‍ കോടതിയെ അറിയിച്ചു. ഇതോടെ പ്രത്യേക അധികാരം ഉപയോഗിച്ച് പേരുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
