കോടതിയില്‍ കീഴടങ്ങാനെത്തുന്ന പ്രതികളെ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

Update: 2025-08-21 14:41 GMT

കൊച്ചി: കോടതിയില്‍ കീഴടങ്ങാനെത്തുന്ന പ്രതികളെ കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്വന്തമായോ അഭിഭാഷകന്റെ കൂടെയോ കീഴടങ്ങാന്‍ എത്തുന്ന പ്രതിയെ ജുഡീഷ്യല്‍ ഓഫീസറുടെയോ ബന്ധപ്പെട്ട കോടതിയുടെയോ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് പറയുന്നത്. കോടതി നടപടികള്‍ക്ക് ഉപയോഗിക്കുന്ന എല്ലാ ഭൂമിയും കെട്ടിടവും നിര്‍മാണവും പ്രവൃത്തിസമയത്ത് കോടതിയാണെന്ന് ഹൈക്കോടതി വിശദീകരിച്ചു. എന്നാല്‍, വാറന്റുള്ളതോ ഒളിവിലുള്ളതോ ആയ പ്രതികളെ പോലിസിന് കോടതി വളപ്പില്‍ നിന്നും അറസ്റ്റ് ചെയ്യാം. കോടതിയില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന സാഹചര്യത്തിലും അറസ്റ്റ് നടപടികളിലേക്ക് കടക്കാം. അറസ്റ്റിന്റെ കാരണങ്ങള്‍ ഉടനടി ആ കോടതിയിലെ ജുഡീഷ്യല്‍ ഓഫിസര്‍മാരെ അറിയിക്കണം.

പോലിസിന്റെ ഭാഗത്തുനിന്നുള്ള നടപടികളില്‍ പരാതി ബോധിപ്പിക്കാന്‍ സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും പ്രത്യേക സമിതി രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാന തല സമിതിയില്‍ അഡ്വക്കറ്റ് ജനറലും ഡിജിപിയും ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്ന മൂന്നു അഭിഭാഷകര്‍, എസ്പി, പരാതിക്കാരനായ അഭിഭാഷകന്റെ ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് എന്നിവരാണ് അംഗമാവുക. ജില്ലാ തല സമിതികളില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും ജില്ലാ പോലിസ് മേധാവിയും ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും ബാര്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്ന അഭിഭാഷകനും അംഗമാവും. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.