കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ബജറ്റ് സമ്മേളനം നാളെ തുടങ്ങും

Update: 2026-01-19 01:38 GMT

തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പുചൂടിലേക്കു കടക്കുമ്പോള്‍ സഭയുടെ ബജറ്റ് സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. ഈ സര്‍ക്കാരിന്റെ 16ാമത്തെയും അവസാനത്തെയും സമ്മേളനമാണിത്. 32 ദിവസം സഭ ചേരാനാണ് തീരുമാനം. 2026-27ലെ ബജറ്റ് അവതരിപ്പിച്ചു പാസാക്കുകയാണ് മുഖ്യ അജന്‍ഡ. 29നാണ് ബജറ്റ്. ചൊവ്വാഴ്ച നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപനമാണിത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയവുമായി എത്തുന്ന യുഡിഎഫിന് സഭയില്‍ വീര്യം കൂടും. എല്‍ഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സ്ഥാപിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്തും. അതേസമയം, മ്പോള്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയതിലെ കോണ്‍ഗ്രസ് ബന്ധം എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടും.

ഭരണകാലാവധി അവസാനിക്കുന്നതിനാല്‍ ബജറ്റ് അവതരിപ്പിച്ചശേഷം നാലുമാസത്തേക്കുള്ള ചെലവിന് വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിച്ചാല്‍ മതിയെന്നിരിക്കേ, ബജറ്റ് പൂര്‍ണമായി പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മാര്‍ച്ച് 28 വരെ 32 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി പകുതി കഴിഞ്ഞാല്‍ ഏതുനിമിഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കും. അങ്ങനെയെങ്കില്‍ സമ്മേളനം വെട്ടിച്ചുരുക്കേണ്ടിവരും.