5 പേര്‍ക്ക് പുതുജീവന്‍; ആലിന്‍ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ ഇന്ന് കേരളം വിട നല്‍കും
തിരുവനന്തപുരം: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന് നടക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്റെ കരള്‍, വൃക്കകള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി.
കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ നടക്കും. ആലിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.
പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവങ്ങള്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കാണ് പുതുജീവിതമേകുന്നത്. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ആലിന്‍ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് യാത്രയാക്കിയത്.
