സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമം; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ചു

Update: 2026-02-03 04:46 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. അന്‍വര്‍ സാദത്ത് എം.എല്‍.എ സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറാന്‍ ശ്രമിച്ചു. ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡന്‍മാര്‍ തടഞ്ഞു. സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷം പുനരാരംഭിച്ചു.

ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭ ആരംഭിച്ച അന്നുമുതല്‍ സ്വര്‍ണ്ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 'യഥാര്‍ഥത്തില്‍ സ്വര്‍ണം കട്ടത് ആരപ്പാ കോണ്‍ഗ്രസ് ആണ് അയ്യപ്പ സന്ദര്‍ശിക്കുന്നത് ആരെ സോണിയാഗാന്ധിയെ അയ്യപ്പാ' ആണെന്നും മന്ത്രി പരിഹസിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന സമരത്തിന് ഒരു പ്രാധാന്യവും മാധ്യമങ്ങളിലൂടെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സമരവുമായി എത്തിയിരിക്കുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സഭയില്‍ പ്രതിപക്ഷ പേക്കൂത്ത് കാണിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

യഥാര്‍ഥ അന്വേഷണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരമെന്ന് മന്ത്രി പി.രാജീവ് കുറ്റപ്പെടുത്തി. ഹൈക്കോടതിക്കല്ലാതെ ഇത് സംബന്ധിച്ച് മറ്റാര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. തെറ്റായ വഴിയിലൂടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ഹൈക്കോടതി പറയുന്നത് പ്രതിപക്ഷത്തെ പറ്റിയാണ്. തെറ്റായ കാര്യങ്ങള്‍ ബോധപൂര്‍വ്വം പ്രതിപക്ഷം സൃഷ്ടിക്കുന്നു. ഇക്കാര്യം കോടതിയടക്കം വ്യക്തമാക്കിയിട്ടുണ്ട്.