തിരഞ്ഞെടുപ്പിന് ഇനി ഏഴ് നാള്‍; എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതാന്‍ ഇനി ഏഴ് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേമപെന്‍ഷനുകള്‍, ലൈഫ് മിഷന്‍, കെ. ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ടായേക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയിലെ ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. നിലവില്‍ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉണ്ടാവുക എന്നതാണ് ആകാംക്ഷ.
അതേസമയം, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. പിന്നീട് കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രിയങ്ക പങ്കെടുക്കും. വൈകിട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രിയങ്ക പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.