തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ പേര്‍ കൊടുവള്ളിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും ഇന്ന് അവസാനിച്ചതോടെ പോരാട്ടചിത്രം തെളിഞ്ഞു. ആകെ 890 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് അന്തിമമായുള്ളത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്. ഇവിടെ 13 പേരാണ് മത്സരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മഞ്ചേശ്വരത്ത് 2021ല്‍ ആറുപേരാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ 11 പേരാണ് മത്സ രംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളില്‍ 11 സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്.
സംസ്ഥാനത്ത് മത്സര ചിത്രം തെളിയുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും മാത്രമല്ല, ചിഹ്നവും ശ്രദ്ധേയമാണ്. പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ രമയ്ക്ക് ഫുട്‌ബോള്‍ ചിഹ്നം അനുവദിച്ചില്ല. ഗോവയിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നം ആയതിനാലാണ് ഫുട്‌ബോള്‍ അനുവദിക്കാത്തത്. പകരം ടെലിവിഷന്‍ ചിഹ്നമാണ് രമയ്ക്ക് അനുവദിച്ചത്. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന് തെങ്ങിന്‍ തോപ്പ് ചിഹ്നമായി അനുവദിച്ചു. പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രന്‍ എന്‍എംആര്‍ റസാഖിന് കുടം ചിഹ്നമാണ് കിട്ടിയത്. കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവിലിന് ഗ്ലാസ് ചിഹ്നം കിട്ടിയില്ല. ബക്കറ്റ് ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.
ഗ്ലാസ് ചിഹ്നം ആയി പോസ്റ്ററുകളടക്കം അച്ചടിച്ച് അഹമ്മദ് തേവര്‍കോവില്‍ പ്രചാരണം തുടങ്ങിയിരുന്നു.ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നമായി കിട്ടിയത്.എലത്തൂരിലെ ഇടത് സ്ഥാര്‍ഥി എ കെ ശശീന്ദ്രന് തിരിച്ചടി. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും എകെ ശശീന്ദ്രന്‍ മത്സരിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ അജിത്ത് പവര്‍ വിഭാഗം സ്ഥാനാര്‍ഥി പി കെ ശശീന്ദ്രനാണ് കിട്ടിയത്. തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫ് സ്ഥാനാര്‍ഥി സിപി ജോണിന് ചിഹ്നമായി കപ്പലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് കാമറയും ചിഹ്നമായി അനുവദിച്ചു. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റാണ് ചിഹ്നം. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന് ഗ്യാസ് സിലിണ്ടറാണ് ചിഹ്നം.

