കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക (80) കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു നടപടികള്‍ എംബസി മുഖേനെ സ്വീകരിക്കും.
ശ്രീധരീയത്തില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകള്‍ റോസ്മേരി ഒഡിങ്കയ്ക്ക് കേരളത്തില്‍ നടത്തിയ ആയുര്‍വേദ നേത്ര ചികിത്സ വളരെ ഫലപ്രദമായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഇത്തവണ എത്തിയതെന്നാണ് വിവരം. ആറു ദിവസം മുന്‍പാണ് അദ്ദേഹം ചികിത്സയ്ക്കായി എത്തിയതെന്ന് ശ്രീധരീയം വൈസ് ചെയര്‍മാന്‍ ഹരി പറഞ്ഞു. ''വീല്‍ചെയറിലായിരുന്നു അദ്ദേഹം വന്നത്. മൂന്നു ദിവസം മുന്‍പ് ആരോഗ്യവാനായി നടക്കാന്‍ തുടങ്ങിയിരുന്നു. ഇന്നു രാവിലെ നടന്നു തിരിച്ചുവരുന്ന വഴിക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉടനെതന്നെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. മുന്‍പ് രണ്ടു തവണ അദ്ദേഹം ഇവിടെ എത്തിയിട്ടുണ്ട്. അത് മകളുടെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു. ചികിത്സ ഫലപ്രദമായതിനാല്‍ നിരവധിപ്പേരെ അദ്ദേഹംതന്നെ ഇങ്ങോട്ടേക്ക് അയച്ചിരുന്നു.''- അദ്ദേഹം പറഞ്ഞു.