രാജ്ഞി ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ച നാലു പേര്‍ കുറ്റക്കാര്‍; പ്രതികള്‍ ആറരലക്ഷം രൂപ പിഴയടക്കണം

Update: 2025-05-08 01:33 GMT

നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നും 5,000 രാജ്ഞി ഉറുമ്പുകളെ യൂറോപ്പിലേക്ക് കടത്താന്‍ ശ്രമിച്ച നാലുപേരെ ശിക്ഷിച്ചു. രണ്ടു ബെല്‍ജിയന്‍ പൗരന്‍മാരെയും ഒരു വിയറ്റ്‌നാം പൗരനെയും ഒരു കെനിയക്കാരനെയുമാണ് ശിക്ഷിച്ചത്. ആറരലക്ഷം രൂപയാണ് പ്രതികള്‍ പിഴയടക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം.


മെസ്സര്‍ സെഫാലോറ്റ്‌സ് എന്ന ഉറുമ്പുകളെയാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ആനക്കൊമ്പ് പോലുള്ള വസ്തുക്കളുടെ കടത്തലുകള്‍ തടഞ്ഞതിന് പിന്നാലെ കെനിയയുടെ ജൈവസമ്പത്തിന്റെ ഭാഗമായ മറ്റു ജീവികളെയും സംരക്ഷിക്കാനാണ് നടപടിയെന്ന് മജിസ്‌ട്രേറ്റ് ജേരു തുക്കു പറഞ്ഞു. ഈ ഉറുമ്പുകള്‍ക്ക് യൂറോപ്പില്‍ 76 കോടി രൂപ വിലവരുമെന്ന് മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി. പ്രതികള്‍ 'ഉറുമ്പ് ഗ്യാങ്' എന്ന സംഘത്തില്‍ അംഗമാണെന്നും മജിസ്‌ട്രേറ്റ് കണ്ടെത്തി. ഇത്രയും രാജ്ഞി ഉറുമ്പുകളെ തട്ടിക്കൊണ്ടുപോവുന്നത് വംശഹത്യാ ശ്രമമായി കാണേണ്ടി വരുമെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി. ഇത്തരം ഉറുമ്പുകള്‍ മാത്രമാണ് മുട്ടയിടുക. അതില്‍ നിന്നാണ് ഭാവിയിലെ രാജ്ഞിമാരും സൈനികരും ക്ലീനര്‍മാരുമെല്ലാം രൂപപ്പെടുക. ഇവരെല്ലാം രാജ്ഞിക്ക് കീഴില്‍ സംഘടിതമായി പ്രവര്‍ത്തിക്കുകയും ചെയ്യും. അതിനാല്‍, ഉറുമ്പുകടത്തല്‍ ഗുരുതരമായ കുറ്റമാണെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.


2,244 ടെസ്റ്റ് ട്യൂബുകളിലായി സൂക്ഷിച്ച ഉറുമ്പുകളെയാണ് ഏപ്രില്‍ 17ന് പോലിസ് പിടികൂടിയിരുന്നത്. ഇവയ്ക്ക് ഭക്ഷണമായി പഞ്ഞിയും ടെസ്റ്റ് ട്യൂബുകളില്‍ ഇട്ടിരുന്നു. യൂറോപ്പിലെയും ഏഷ്യയിലെയും സമ്പന്നര്‍ ഈ ഉറുമ്പുകളെ വളര്‍ത്തുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ചില പരീക്ഷണശാലകളും ഈ ഉറുമ്പുകളെ ഗവേഷണത്തിന് ഉപയോഗിക്കുന്നു.