വിദേശജോലിത്തട്ടിപ്പ് കേസ്: കാര്‍ത്തികക്ക് ഡോക്ടര്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്ന് പോലിസ്

Update: 2025-05-11 01:05 GMT

കൊച്ചി: വിദേശ ജോലി തട്ടിപ്പു കേസിലെ പ്രതിയും ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമയുമായ കാര്‍ത്തിക പ്രദീപിനു ഡോക്ടര്‍ രജിസ്‌ട്രേഷന്‍ ഇല്ലെന്നു പോലിസ്. യുക്രൈനില്‍ മെഡിസിന് പഠിച്ചെങ്കിലും അത് പൂര്‍ത്തിയാക്കിയതിനോ കേരളത്തില്‍ രജിസ്‌ട്രേഷന്‍ എടുത്തതിനോ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനമെമ്പാടുമുള്ള വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പോലിസ് കാര്‍ത്തികയെ വിശദമായി ചോദ്യംചെയ്തു. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കാര്‍ത്തികയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലിനല്‍കാമെന്നു പറഞ്ഞ് 5.23 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.