രാമനഗരം ജില്ലയുടെ പേര് മാറ്റി കര്‍ണാടക സര്‍ക്കാര്‍; ഇനി ബംഗളൂരു സൗത്ത് ജില്ലയെന്ന് അറിയപ്പെടും

Update: 2025-05-22 15:29 GMT

ബംഗളൂരു: കര്‍ണാടകയിലെ രാമനഗരം ജില്ലയുടെ പേര് മാറ്റി സര്‍ക്കാര്‍. ഇനി മുതല്‍ ബംഗളൂരു സൗത്ത് ജില്ല എന്നായിരിക്കും പേര്. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍, ജില്ലാ ആസ്ഥാനത്തിന്റെ പേര് രാമനഗരം എന്നായിരിക്കും. പേരുമാറ്റലിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്രം എതിര്‍ത്താല്‍ നിയമപരമായി നേരിടാനാണ് തീരുമാനം.

2023ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഡി കെ ശിവകുമാറാണ് ജില്ലയുടെ പേര് മാറ്റണമെന്ന് ശുപാര്‍ശ ചെയ്തത്. ബംഗളൂരു റൂറലും രാമനഗരവും അവിഭക്ത ബംഗളൂരുവിന്റെ ഭാഗമായിരുന്നു എന്നാണ് ഇതിന് കാരണമായി ശിവകുമാര്‍ ചൂണ്ടിക്കാട്ടിയത്. കേന്ദ്രസര്‍ക്കാര്‍ എന്‍ഒസി നല്‍കിയിട്ടില്ലെങ്കിലും പേര് മാറ്റാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു. ഭരണഘടനയിലെ സ്റ്റേറ്റ് ലിസ്റ്റിലെ 18ാം അനുഛേദം ഭൂമിയുടെ അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. റെവന്യു സംസ്ഥാനത്തിന് കീഴിലാണ് വരുന്നത്. കര്‍ണാടക ലാന്‍ഡ് റെവന്യു ആക്ടിലെ നാലാം വകുപ്പ് വിവിധ സോണുകളുടെയും താലൂക്കുകളുടെയും പേര് മാറ്റാനും ജില്ലകള്‍ രൂപീകരിക്കാനും ഇല്ലാതാക്കാനും പേരുമാറ്റാനും സംസ്ഥാനസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. രാമനഗരത്തിന്റെ പേര് മാറ്റാന്‍ അനുവദിക്കണമെന്ന് 2024 ജൂലൈയില്‍ കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനോട് പോസിറ്റാവായല്ല കേന്ദ്രം പ്രതികരിച്ചത്. തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ അധികാരം ഉപയോഗിക്കാന്‍ തീരുമാനിച്ചത്.