''കേണല്‍ സോഫിയ ഖുറൈശി ബെല്‍ഗാമിന്റെ മരുമകള്‍'';ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ഇന്ത്യന്‍ സൈന്യത്തിലെ കേണല്‍ സോഫിയാ ഖുറൈശിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വിളിച്ച മധ്യപ്രദേശ് മന്ത്രി കുന്‍വാര്‍ വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ പോലിസിന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബെല്‍ഗാമിന്റെ മരുമകളായ കേണല്‍ സോഫിയക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ആള്‍ക്കെതിരെ കേസെടുക്കാന്‍ ബെല്‍ഗാം എസ്പിക്ക് നിര്‍ദേശം നല്‍കിയതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.
''കേണല്‍ സോഫിയ ഖുറൈശി ബെല്‍ഗാമിന്റെ മരുമകളാണ്. അവരുടെ ഭര്‍ത്താവ് ബെല്‍ഗാവിക്കാരനാണ്. മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഉചിതമായ നടപടിയെടുക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ ഞാന്‍ എസ്പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.''- അദ്ദേഹം പറഞ്ഞു.
''ഷായുടെ പരാമര്‍ശം സോഫിയയെ മാത്രം അപമാനിക്കുന്നതല്ല, അത് നമ്മുടെ സംസ്ഥാനത്തിനും മുഴുവന്‍ രാജ്യത്തിനും അപമാനമാണ്. ആരും അത്തരമൊരു മനോഭാവം പുലര്‍ത്തരുത്. ഇത് ന്യായീകരിക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍, നിയമനടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.''-പരമേശ്വര വിശദീകരിച്ചു.