നിധി കണ്ടെത്താന്‍ മധ്യവയസ്‌കനെ മാരാമ്മ ദേവിക്ക് 'ബലികൊടുത്ത' യുവാവും ജ്യോതിഷിയും അറസ്റ്റില്‍

Update: 2025-02-12 03:46 GMT

ചിത്രദുര്‍ഗ: ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താന്‍ മധ്യവയസ്‌ക്കനെ മാരാമ്മ ദേവിക്ക് 'ബലികൊടുത്ത' യുവാവും ജ്യോതിഷിയും കൊലക്കുറ്റത്തിന് അറസ്റ്റിലായി. കര്‍ണാടകയിലെ പരശുരാംപൂരില്‍ ചെരുപ്പുകുത്തിയായി ജോലിയെടുക്കുന്ന 52കാരനായ പ്രഭാകര്‍ എന്നയാളെ കൊന്ന ഹോട്ടല്‍ ജീവനക്കാരനായ ആനന്ദ് റെഡ്ഡിയും കൊലപാതകം ചെയ്യാന്‍ നിര്‍ദേശിച്ച ജ്യോതിഷിയായ രാമകൃഷ്ണയുമാണ് അറസ്റ്റിലായിരിക്കുന്നത്. കര്‍ണാടക-ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ ഫെബ്രുവരി ഒമ്പതിനാണ് കൊല നടന്നതെന്ന് പോലിസ് അറിയിച്ചു.

സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ തേടിയാണ് ആനന്ദ റെഡ്ഡി ജ്യോതിഷിയെ സമീപിച്ചതെന്ന് പോലിസ് പറഞ്ഞു. നരബലി നടത്തി മാരാമ്മ ദേവിക്ക് രക്തം നല്‍കിയാല്‍ നിധി കിട്ടുമെന്നാണ് രാമകൃഷ്ണ ഉപദേശിച്ചത്. പടിഞ്ഞാറന്‍ പരശുരാംപൂരില്‍ ഒരു നിധി ഒളിഞ്ഞിരുപ്പുണ്ടെന്നും ഇത് ആനന്ദ റെഡ്ഡിക്ക് കിട്ടുമെന്നുമായിരുന്നു വാഗ്ദാനം. തുടര്‍ന്ന് കൊല്ലാന്‍ പറ്റിയ ആളെ തേടി ആനന്ദ റെഡ്ഡി പ്രദേശത്ത് ബൈക്കില്‍ കറങ്ങിനടന്നു. അങ്ങനെയാണ് പരശുരാംപൂര്‍ ബസ്റ്റോപ്പില്‍ ചെരുപ്പുകുത്തിയായി പണിയെടുക്കുന്ന പ്രഭാകറിനെ കണ്ടത്. രാത്രിയായപ്പോള്‍ വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രഭാകറിനെ കൂട്ടിക്കൊണ്ടുപോയത്. ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നെന്ന് പറഞ്ഞ് ബൈക്ക് നിര്‍ത്തി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായെന്നും പോലിസ് അറിയിച്ചു.