അഷ്‌റഫിനെ തല്ലിക്കൊന്ന കേസ്: മുളക് പൊടി എറിഞ്ഞയാള്‍ക്ക് ജാമ്യം

Update: 2026-01-23 13:44 GMT

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ തല്ലിക്കൊന്ന കേസിലെ ഒരു പ്രതിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഷ്‌റഫിന് നേരെ മുളകുപൊടി എറിഞ്ഞ് ആക്രമണത്തിന് നേതൃത്വം നല്‍കിയ നടേശ് കുമാറിനാണ് ജാമ്യം. സമാനമായ ആരോപണം നേരിട്ട മറ്റുരണ്ടുപേര്‍ക്ക് സെഷന്‍സ് കോടതി നേരത്തെ തന്നെ ജാമ്യം നല്‍കിയതായി നടേശ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തന്റെ കക്ഷിക്കെതിരേ പരമാവധി ചുമത്താനാവുക മനപൂര്‍വ്വമല്ലാത്ത നരഹത്യ എന്ന വകുപ്പുമാത്രമാണെന്നും വാദമുയര്‍ന്നു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2025 ഏപ്രില്‍ 27നാണ് ഹിന്ദുത്വ സംഘം അഷ്‌റഫിനെ തല്ലിക്കൊന്നത്. കൊലപാതകത്തിന് ശേഷം അഷ്‌റഫിനെതിരേ അവര്‍ ആരോപണവും കെട്ടിപ്പൊക്കി. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതാണ് ആക്രമണത്തിന് കാരണമെന്ന വാദമാണ് ഹിന്ദുത്വ സംഘം കെട്ടിപ്പൊക്കിയത്.