ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം രൂപീകരിച്ചു

കഴിഞ്ഞ 20 വര്‍ഷത്തെ സ്ത്രീകളുടെ കൊലപാതകം, കാണാതാവല്‍, ബലാല്‍സംഗം, അസ്വാഭാവിക മരണങ്ങള്‍ തുടങ്ങിയവ അന്വേഷിക്കും

Update: 2025-07-20 09:07 GMT

ബംഗളൂരു: കര്‍ണാടകയിലെ ധര്‍മസ്ഥലയിലെ കൊലപാതകങ്ങളും ബലാല്‍സംഗക്കൊലകളും അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘം രൂപീകരിച്ചു. അതീവ ഗുരുതരമായ സംഭവങ്ങളാണ് നടന്നിരിക്കുന്നതെന്നും അതിനാല്‍ പ്രത്യേക സംഘം വേണമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ധര്‍മസ്ഥലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും ഇനി രജിസ്റ്റര്‍ ചെയ്യാനുള്ള കേസുകളും ഈ സംഘമായിരിക്കും അന്വേഷിക്കുക.

സംസ്ഥാനത്തെ മറ്റു സ്റ്റേഷനുകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. കഴിഞ്ഞ 20 വര്‍ഷമായി ധര്‍മസ്ഥലയില്‍ കാണാതായ സ്ത്രീകളെ കുറിച്ചുള്ള കേസുകള്‍, വിദ്യാര്‍ഥിനികളെ കുറിച്ചുള്ള കേസുകള്‍, അസ്വാഭാവിക മരണങ്ങള്‍, ബലാല്‍സംഗങ്ങള്‍ എന്നിവയെല്ലാം സംഘം അന്വേഷിക്കും. ധര്‍മസ്ഥല ക്ഷേത്രത്തിന്റെ സമീപത്ത് നേത്രാവതി നദിയുടെ തീരത്ത് കുഴിക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനാനാണ് ശ്രമം. ആഭ്യന്തര സുരക്ഷാ വിഭാഗം ഡിജിപി പ്രണവ് മൊഹന്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവി. ഡിവൈഎസ്പിമാരായ എം എന്‍ അനുഛേത്, സൗമ്യലത, എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ്മ എന്നിവരും സംഘത്തിലുണ്ട്. ഇവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ദക്ഷിണ കന്നഡ പോലിസ് നല്‍കണം.

കേസിനെ കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.