ഗാര്‍ഹിക പീഡനം, കൊലപാതക ശ്രമം; കര്‍ണാടക ഗവര്‍ണറുടെ ചെറുമകനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
ഭോപ്പാല്‍: കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ടിന്റെ ചെറുമകനായ ദേവേന്ദ്ര ഗെഹ്‌ലോട്ടിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ദിവ്യ. സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ദിവ്യ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നല്‍കിയത്. ദിവ്യയുടെ ഭര്‍ത്താവ് ദേവേന്ദ്ര ഗെലോട്ട് (33), അലോട്ടില്‍ നിന്നുള്ള ബിജെപി മുന്‍ എംഎല്‍എയായ ഭര്‍തൃപിതാവ് ജിതേന്ദ്ര(55), സഹോദരീഭര്‍ത്താവ് വിശാല്‍ (25) എന്നിവര്‍ 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി തന്നെ ഉപദ്രവിച്ചു വരികയാണെന്നാണ് ദിവ്യയുടെ പരാതി. ഒരു തവണ തന്നെ ടെറസില്‍ നിന്നും തള്ളി താഴെയിടാന്‍ ശ്രമിച്ചതായും ദിവ്യ ആരോപിക്കുന്നു.
ഭര്‍തൃവീട്ടുകാര്‍ ബലമായി പിടിച്ചുവച്ചിരിക്കുന്ന തങ്ങളുടെ നാലു വയസ്സുള്ള മകളെ സുരക്ഷിതമായി തിരികെ നല്‍കണമെന്ന് ആവശ്യവും പരാതിയിലുണ്ട്. 50 ലക്ഷം രൂപ സ്ത്രീധനമായി കൊണ്ടുവന്നാല്‍ മാത്രമേ മകളെ കാണാന്‍ അനുവദിക്കൂ എന്നും അവര്‍ ഭീഷണിപ്പെടുത്തിയതായും ദിവ്യ ആരോപിച്ചു. 2018 ഏപ്രില്‍ 29നായിരുന്നു മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ഇരുവരുടെയും വിവാഹം നടന്നത്. അന്ന് താവര്‍ചന്ദ് ഗെലോട്ട് കേന്ദ്രമന്ത്രിയായിരുന്നു.