കര്‍ണാടകയില്‍ ബന്ദ് തുടങ്ങി

Update: 2025-03-22 01:03 GMT

ബംഗളൂരു: മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുള്ള കര്‍ണാടക ബന്ദ് തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദിനാണ് കന്നഡ സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംടിസി തൊഴിലാളികള്‍ അടക്കം ബന്ദിന് പിന്തുണയര്‍പ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതുഗതാഗതം സ്തംഭിക്കും. കര്‍ണാടകയിലെ മറാത്തി ഗ്രൂപ്പുകളെ നിരോധിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ ബെല്‍ഗാവിയില്‍ മറാത്തി സിനിമയുടെ പ്രദര്‍ശനവും തടഞ്ഞിട്ടുണ്ട്. കര്‍ണാടക രക്ഷണ വേദിക എന്ന സംഘടനയാണ് സിനിമാപ്രദര്‍ശനം തടഞ്ഞത്. 'ഫോളോവര്‍' എന്ന ഈ മറാത്തി സിനിമയില്‍ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ടെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.