ബുള്‍ഡോസര്‍ രാജ്; കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരേ വ്യാപക പ്രതിഷേധം
ബെംഗളൂരു: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലെ ബുള്‍ഡോസര്‍ രാജ് നടത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധം. വടക്കന്‍ ബെംഗളൂരുവിലെ യെലഹങ്കയിലാണ് മുസ്‌ലിംകള്‍ താമസിക്കുന്ന ഏകദേശം 500 വീടുകള്‍ പൊളിച്ചത്. ഇതോടെ 3,000 ത്തോളം പേര്‍ ഭവനരഹിതരായി. ശനിയാഴ്ച പുലര്‍ച്ചെയാണ് ഫക്കീര്‍ കോളനി, വാസിം ലേയൗട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ ഭരണകൂട ഭീകരത നടന്നത്. ഗ്രെയ്റ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് കര്‍ണാടക പോലിസും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അതിക്രമം നടത്തിയത്. ഏകദേശം 150 പോലിസുകാരാണ് ജെസിബികളുമായി എത്തിയത്. ഉര്‍ദു സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് നിര്‍മാണങ്ങളെന്നാണ് അധികൃതര്‍ ആരോപിച്ചത്. എന്നാല്‍, നോട്ടിസ് പോലും നല്‍കാതെയാണ് പൊളിക്കല്‍ നടപടികളുണ്ടായതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 25 വര്‍ഷമായി പ്രദേശത്ത് താമസിക്കുന്നവരാണ്, വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡുമെല്ലാം ഉള്ളവരാണ് ഇതോടെ തെരുവിലായത്.
ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ കര്‍ണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ യു നിസാര്‍ സ്ഥലത്തെത്തി അധികൃതരെ വിമര്‍ശിച്ചു. പരാതികള്‍ പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
