കരിപ്പൂരില്‍ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍

Update: 2025-05-13 05:05 GMT

കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒമ്പത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. യുഎഇയിലെ അബൂദബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് തിങ്കളാഴ്ച രാത്രി പോലിസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരെപോലിസ് പിടികൂടി.

ഇന്നലെ രാത്രി എട്ടുമണിക്ക് അബൂദബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നത്. ഇയാളില്‍ നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ റോഷനും റിജിലും. ഇവരാണ് ആദ്യം പോലിസിന്റെ പിടിയിലായത്. വിമാനത്താവള പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോഴാണ് ഇവരെ ചോദ്യം ചെയ്തത്.

ബാങ്കോക്കില്‍ നിന്നും അബൂദബി വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന്റെ ഫോട്ടോകളും മറ്റ് വിവരങ്ങളും റോഷന്റെ ഫോണിലുണ്ടായിരുന്നു. യാത്രക്കാരന്റെ വിവരങ്ങള്‍ ശേഖരിച്ച് ട്രേസ് ചെയ്തപ്പോഴേക്കും ഇയാള്‍ വിമാനത്താവളം വിട്ടിരുന്നു.എയര്‍പോര്‍ട്ട് ടാക്‌സിയിലാണ് ഇയാള്‍ പുറത്തേക്ക് പോയതെന്ന് മനസിലാക്കിയ പോലിസ് ടാക്‌സി െ്രെഡവറെ തിരിച്ചറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടു. െ്രെഡവര്‍ വാഹനത്തിന്റെ വേഗത കുറച്ചതോടെ അപകടം മണത്ത യാത്രക്കാരന്‍, സിഗരറ്റ് വലിക്കാനെന്നും പറഞ്ഞ് കാറില്‍ നിന്നും പുറത്തിറങ്ങി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് പരിശോധിച്ചപ്പോഴാണ് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.