കരിപ്പൂരില്‍ 34 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍

Update: 2025-05-14 11:03 GMT

കൊണ്ടോട്ടി: 40 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു സ്ത്രീകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ഇന്നലെ രാത്രി 11:45 മണിക്ക് തായ്‌ലന്‍ഡില്‍ നിന്നും എയര്‍ഏഷ്യ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ എന്നിവരാണ് പിടിയിലായത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവിനൊപ്പം തായ്‌ലന്‍ഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്. ഇവര്‍ തായ്‌ലന്‍ഡില്‍ നിന്നും ക്വാലാലംപുര്‍ വഴി ആണ് കോഴിക്കോട് എത്തിയത്.