സ്പീക്കര്‍ക്കൊപ്പം പുതിയ ഡിജിപിയെ സ്വീകരിച്ച് ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്‍
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കാണാനെത്തിയ ഡിജിപി റവാഡ ചന്ദ്രശേഖറെ സ്വീകരിച്ചത് തലശേരി ഫസല്‍ കൊലക്കേസിലെ പ്രതി കാരായി രാജന്‍. ഡിജിപിയെ കാരായി രാജന്‍ സ്വീകരിക്കുന്ന വീഡിയോ നിയമസഭാ ടിവിയില്‍ സംപ്രേഷണം ചെയ്‌തെങ്കിലും പിന്നീട് യൂട്യൂബില്‍ നിന്നും മറ്റും നീക്കം ചെയ്യുകയുമുണ്ടായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കൊലക്കേസ് പ്രതികള്‍ക്കടക്കം സൈ്വരവിഹാരം നടത്താനുള്ള അനുമതി നല്‍കാമെന്ന കരാറിലാണോ കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷികളെ വിസ്മരിച്ച് റവാഡയെ ഡിജിപിയാക്കിയതെന്ന് പി കെ ഫിറോസ് ചോദിച്ചു. കാരായി രാജന്‍ ഡിജിപിയെ സ്വീകരിച്ചത് നിഷേധിക്കാന്‍ സ്പീക്കര്‍ക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.