നിമിഷപ്രിയ: തുടര്‍ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം

Update: 2025-07-22 15:52 GMT

കോഴിക്കോട്: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകാര്യ വകുപ്പുമായി ചേര്‍ന്നുകൊണ്ടുള്ള യോജിച്ച നീക്കംനടത്തണമെന്നാണ് ആവശ്യം. നയതന്ത്രചര്‍ച്ചകളുടെ തുടര്‍ച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്‌കാരികമായ സെന്‍സിറ്റിവിറ്റികൂടി മനസ്സിലാക്കിയുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്കേ തുടര്‍ നടപടികളെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നതിനാലാണ് ഇങ്ങനെയൊരു യോജിച്ച നീക്കത്തിന് രൂപംനല്‍കിയിരിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും പ്രാതിനിധ്യവും വേണമെന്ന് ഗ്രാന്‍ഡ് മുഫ്തി ഓഫീസ് കേന്ദ്ര സര്‍ക്കാരിനെയും യെമനിലെ മധ്യസ്ഥരെയും അറിയിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ തന്നെ സന്ദര്‍ശിച്ച ആക്ഷന്‍ കമ്മിറ്റി അംഗങ്ങളോടും മറ്റു ജനപ്രതിനിധികളോടും കാന്തപുരം ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു.