കര്‍ണാടകയിലെ കുടിയൊഴിപ്പിക്കല്‍ ആശങ്കയുളവാക്കുന്നത്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

Update: 2025-12-27 03:22 GMT

കോഴിക്കോട്: കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ യെലഹങ്കക്ക് സമീപം ബന്ദേ റോഡിലെ ഫഖീര്‍ ലേ-ഔട്ട്, വസിം ലേ-ഔട്ട് കോളനികളിലെ ഇരുനൂറോളം വീടുകള്‍ ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി ഒരേ സമയം ആശങ്കയും വേദനയും സൃഷ്ടിക്കുന്നതാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്ലിംകളും ദളിതരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം എന്തു നടപടിയുടെ പേരിലാണെങ്കിലും ഈ കൊടുംതണുപ്പില്‍ കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ല.

കിടപ്പാടവും സമ്പാദ്യവും രേഖകളും നഷ്ടപെട്ട പാവങ്ങളെ അതിവേഗം പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയോടും മറ്റു സര്‍ക്കാര്‍ വൃത്തങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ സ്ഥലം കണ്ടെത്തി എല്ലാവര്‍ക്കും പര്യാപ്തമായ പാര്‍പ്പിട സൗകര്യം അതിവേഗം നല്‍കാനും അതുവരെ അടിയന്തിരമായി താത്കാലിക സംവിധാനങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.

കൊടും തണുപ്പില്‍ കൂരയില്ലാതെ അലയുന്ന മനുഷ്യര്‍ക്കായി സാധ്യമായ എല്ലാ താത്കാലിക സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്ന് സംഭവമറിഞ്ഞ ഉടനെ ബംഗളൂരുവിലെ സുന്നി നേതാക്കളോട് നിര്‍ദേശിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ എസ്‌വൈഎസ് സാന്ത്വനം പ്രവര്‍ത്തകര്‍ പ്രദേശത്തെത്തി സമാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ട്.

മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ പാര്‍പ്പിട സൗകര്യം ഉറപ്പുവരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടം തന്നെ അവ ഇടിച്ചുനിരത്തുന്നത് നീതീകരിക്കാനാവാത്തതാണ്. മാനുഷിക പരിഗണനയും വേണ്ട സമയം നല്‍കിയും പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയും മാത്രമേ സര്‍ക്കാര്‍ പോലുള്ള ഔദ്യോഗിക കേന്ദ്രങ്ങള്‍ ഭൂമി പിടിച്ചടക്കല്‍ പോലുള്ള നടപടികളിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. കുടിയൊഴിപ്പിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉചിതമായ പരിഹാരം കാണുമെന്നാണ് പ്രത്യാശിക്കുന്നത്.