കണ്ണൂരില്‍ വഴിതെറ്റിയെത്തിയ കാട്ടാനക്കുട്ടിയെ മയക്കുവെടി വെച്ചു

Update: 2025-03-05 12:27 GMT

കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ ജനവാസ കേന്ദ്രത്തില്‍ വഴിതെറ്റിയെത്തിയ കാട്ടാനക്കുട്ടിയെ മയക്കുവെടിവച്ചു. വയനാട്ടില്‍ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വച്ചത്. വെറ്ററിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഗുരുതരമായി പരുക്കേറ്റ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. മയക്കുവെടിവച്ചതിനു ശേഷം കാട്ടാന വനപാലകര്‍ക്കു നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബ്ബര്‍ തോട്ടത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളര്‍ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര്‍ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നല്‍കി.