കണ്ണുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ഫോണും ലഹരിയും എറിഞ്ഞു നല്‍കുന്നവര്‍ക്ക് ''കൂലി'' 2,000 രൂപ

Update: 2025-08-26 06:49 GMT

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിന് അകത്തേക്ക് മൊബൈല്‍ഫോണും ലഹരിവസ്തുക്കളും എറിഞ്ഞു നല്‍കുന്നവര്‍ക്ക് 2000 രൂപ വരെ ലഭിക്കുമെന്ന് വെളിപ്പെടുത്തല്‍. ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞു നല്‍കുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് ആണ് ഇക്കാര്യം പോലിസിനോട് വെളിപ്പെടുത്തിയത്. ദേശീയ പാതയോട് ചേര്‍ന്നുള്ള മതിലിനു സമീപത്തു നിന്നാണ് മൊബൈലും ലഹരി വസ്തുക്കളും അകത്തേക്ക് എറിഞ്ഞു നല്‍കുന്നത്. ജയിലിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നതിന് പുറത്ത് വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അക്ഷയ്യുടെ വെളിപ്പെടുത്തലില്‍ നിന്നു വ്യക്തമാകുന്നത്.

ജയിലിനു പുറത്തുള്ള ആളാണ് ലഹരി വസ്തുക്കളും മൊബൈലും എറിഞ്ഞു നല്‍കാന്‍ ഏല്‍പ്പിക്കുക. ജയില്‍ പരിസരത്ത് എത്തേണ്ട സമയവും അറിയിക്കും. മൊബൈലുമായി ഈ സമയത്ത് എത്തുമ്പോള്‍ ജയിലിനകത്തു നിന്ന് പുറത്തേക്ക് കല്ലെറിഞ്ഞോ മറ്റോ സൂചന നല്‍കും. ഇതോടെ, അപ്പുറത്ത് ആളുണ്ടെന്ന് ഉറപ്പാക്കി പുറത്തു നിന്നുള്ളവര്‍ മതിലിനു മുകളിലൂടെ സാധനങ്ങള്‍ എറിഞ്ഞു നല്‍കും. ജയില്‍പുള്ളികള്‍ക്ക് സാധനം കിട്ടിക്കഴിഞ്ഞാല്‍ ഗൂഗിള്‍ പേ വഴി പണം ലഭിക്കും. ലഹരി വസ്തുക്കളും മറ്റും ഏല്‍പ്പിച്ച ആള്‍ തന്നെയായിരിക്കും പണവും നല്‍കുന്നത്. അതിനാല്‍ തടവുകാരും സാധനങ്ങള്‍ എറിഞ്ഞു നല്‍കുന്നവരുമായി ബന്ധമുണ്ടാകില്ല. ഞായര്‍ വൈകിട്ട് മൂന്നു മണിയോടെയാണ് അക്ഷയ് പിടിയിലായത്. അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ എറിഞ്ഞു കൊടുക്കാന്‍ കൊണ്ടുവന്ന മൊബൈലും 20 കെട്ട് ബീഡിയും പിടിച്ചെടുത്തു. മറ്റു രണ്ടു പേര്‍ക്കായി പോലിസ് അന്വേഷണം നടത്തുകയാണ്.