മട്ടന്നൂര്‍: വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഓരോ വിമാനങ്ങള്‍ മാത്രമാണ് ഹജജ് തീര്‍ഥാടകരുമായി യാത്ര പുറപ്പെടുക. വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് വിമാനം പുറപ്പെടുന്നത്. 82 പുരുഷന്മാരും 85 സ്ത്രീകളും ഉള്‍പ്പെടെ 167 യാത്രക്കാരാണ് ഇതിലുണ്ടാവുക. വ്യാഴാഴ്ച പുലര്‍ച്ചെ 3.45നു പുറപ്പെട്ട വിമാനത്തില്‍ 169 പേരുണ്ടായിരുന്നു. രാത്രി 7.45നു പോവാനുള്ള വിമാനത്തില്‍ 171 യാത്രക്കാരാണുള്ളത്.
ഹജ്ജ് ക്യാമ്പിലെത്തുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അലോപ്പതി, ഹോമിയോപതിക്, ആയുര്‍വേദം എന്നീ മൂന്ന് മേഖലയിലാണ് ഇവിടെ ചികിത്സ നല്‍കുന്നത്. മൂന്ന് ഷിഫ്റ്റുകളായാണ് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ലഭ്യമാക്കുന്നത്. അലോപ്പതിയില്‍ മൂന്ന് ഡോക്ടര്‍മാരും ആയുര്‍വേദം, ഹോമിയോപതി എന്നീ വിഭാഗങ്ങളില്‍ ഓരോ ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഉണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്കാണ് അലോപതിയെ ഹാജിമാര്‍ കൂടുതലും ആശ്രയിക്കുന്നത്. പ്രായമുള്ളവരില്‍ വൈറല്‍ പനി വരാനുള്ള സാധ്യതയുള്ളതിനാല്‍ അതിനുള്ള മരുന്നുകളും കുറിച്ച് നല്‍കുന്നുണ്ട്. പെട്ടെന്നുണ്ടാവുന്ന ജലദോഷം, ചുമ, തുമ്മല്‍, തൊണ്ടവേദന തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരാണ് ഹോമിയോപതിക് വിഭാഗത്തെ സമീപിക്കുന്നവരില്‍ ഭൂരിഭാഗവും.
ഹാജിമാര്‍ക്ക് യാത്ര വേളയിലും മറ്റും പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍ക്കും മറ്റു ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം തയാറാക്കിയ ശിഫാ കിറ്റും ഹോമിയോ ക്ലിനിക്കില്‍ ലഭ്യമാണ്. പത്തോളം രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള മരുന്നുകളടങ്ങിയതാണ് ശിഫാ കിറ്റ്. ഭക്ഷ്യവിഷബാധ, ഛര്‍ദ്ദി, വയറിളക്കം, ശക്തമായ പനി, തലവേദന, ചെവി വേദന, പെട്ടെന്നുണ്ടാവുന്ന നീരുവീഴ്ചകള്‍, വയര്‍ വീക്കം, ശരീര വേദന, സന്ധിവേദന, ത്വക് വരള്‍ച്ച, വീണ്ടുകീറല്‍ തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനാണ് മരുന്നുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
മരുന്നുകളുടെ ഉപയോഗവും മരുന്നുകളുടെ പേരുവിവരങ്ങളും അടങ്ങിയ നോട്ടുകളും കിറ്റില്‍ ഉണ്ട്. ശ്വാസംമുട്ടല്‍, ചുമ, ഗ്യാസ്, അലര്‍ജി തുടങ്ങിയവക്കാണ് ആയുര്‍വേദത്തെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും. രാവിലെ എട്ടുമണി മുതല്‍ പിറ്റേ ദിവസം എട്ടുമണി വരെ മൂന്ന് ഷിഫ്റ്റായാണ് ഡോക്ടര്‍മാരുടെ സേവനം ക്രമീകരിച്ചിരിക്കുന്നത്.
