മക്കളെ ഭാര്യക്ക് വിട്ട് നല്‍കണമെന്ന് കോടതി വിധി; മക്കളെ വിഷം കൊടുത്തു കൊന്നു, പിന്നാലെ തൂങ്ങിമരണം

Update: 2025-12-23 02:47 GMT

പയ്യന്നൂര്‍: കണ്ണൂര്‍ രാമന്തളിയില്‍ രണ്ടു കുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കുടുംബ പ്രശ്‌നത്തിലെ കോടതി വിധിക്ക് പിന്നാലെയെന്ന് റിപോര്‍ട്ട്. രാമന്തളി സെന്ററില്‍ വടക്കുമ്പാട് റോഡില്‍ കൊയിത്തട്ട താഴത്തെവീട്ടില്‍ കലാധരന്‍ (36), മാതാവ് ഉഷ (56), കലാധരന്റെ മക്കളായ ഹിമ (6), കണ്ണന്‍ (2) എന്നിവരെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഉഷയെയും കലാധരനെയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കുഞ്ഞുങ്ങളെ നിലത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. കുഞ്ഞുങ്ങള്‍ക്കു വിഷംകൊടുത്ത് രണ്ടുപേരും തൂങ്ങിയതാകാമെന്നാണു പ്രാഥമിക നിഗമനം.

ഉഷയുടെ ഭര്‍ത്താവ് പയ്യന്നൂര്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ എ കെ ഉണ്ണിക്കൃഷ്ണന്‍ ജോലികഴിഞ്ഞ് രാത്രി 9ന് എത്തിയപ്പോള്‍ വീടു പൂട്ടിയതായി കണ്ടു. കുറെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. സിറ്റൗട്ടില്‍നിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് ഉണ്ണിക്കൃഷ്ണന്‍ ഉടന്‍ പോലിസ് സ്റ്റേഷനിലെത്തി കൈമാറി. പോലിസെത്തിയാണു വാതില്‍ തുറന്നത്.

ഭാര്യയും കലാധരനും തമ്മില്‍ കുടുംബക്കോടതിയില്‍ കേസ് നിലവിലുണ്ട്. കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാന്‍ കോടതി വിധിച്ചിരുന്നു. ഇതാകാം മരണകാരണമെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കോടതിവിധിയെത്തുടര്‍ന്ന് കുട്ടികളെ ഉടന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യവീട്ടുകാര്‍ പോലിസിനെ സമീപിച്ചിരുന്നു. ഇന്നലെ രാത്രി ഉണ്ണിക്കൃഷ്ണനെ ഫോണില്‍വിളിച്ച പോലിസ്, കുട്ടികളെ ഇന്നു വിട്ടുകൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.