ഉറഞ്ഞുതുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ചു വെളിച്ചപ്പാട് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
പാലക്കാട്: കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൃത്താല പോലിസ്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന് ശേഷം പോലിസ് തുടര്‍നടപടികള്‍ തീരുമാനിക്കും. കുളമുക്കു സ്വദേശി ഷൈജു (43) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
കുടുംബാംഗങ്ങള്‍ ചേര്‍ന്നു വര്‍ഷം തോറും നടത്താറുള്ള ആട്ടം ചടങ്ങിനിടെയാണു ഷൈജു കാഞ്ഞിരക്കായ കഴിച്ചത്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ചടങ്ങിനിടെ തുടര്‍ച്ചയായി മൂന്നു കായ കഴിച്ചതോടെയാണു ഷൈജുവിനു ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. ചടങ്ങില്‍ ഹനുമാനെ ആവാഹിച്ചു വെളിച്ചപ്പാട് തുള്ളിയത് ഷൈജുവായിരുന്നു. 100 വര്‍ഷത്തിലധികം പഴക്കമുള്ള ആചാരമാണിത്.