എസ്എഫ്‌ഐയില്‍ തുടങ്ങി നിയമസഭയില്‍ എത്തിയ സിപിഎമ്മിന്റെ വനിതാ മുഖം

Update: 2025-11-29 16:30 GMT

കോഴിക്കോട്: ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ചതാണ് ഇന്ന് അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ആദ്യ തിരഞ്ഞെടുപ്പ് അനുഭവം. പിന്നീട് വിവാഹം കഴിച്ച് തലക്കുളത്തൂരില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് അബ്ദുല്‍ റഹ്‌മാന്റെ കുടുംബത്തില്‍ മുഴുവന്‍ പേരും സിപിഎം പ്രവര്‍ത്തകര്‍. അങ്ങനെയാണ് ത്രിതല പഞ്ചായത്ത് നിലവില്‍ വന്ന 1995-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പില്‍ തലക്കുളത്തൂരില്‍ നിന്ന് ആദ്യമായി ജനവിധി തേടുന്നത്. അത്തവണ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായി.

അക്കാലത്ത് ജനങ്ങള്‍ക്ക് പരിചയമില്ലാതിരുന്ന ഗ്രാമസഭകള്‍, അയല്‍ക്കൂട്ടങ്ങള്‍, വികസന സെമിനാറുകള്‍ എന്നിവയെല്ലാം ജനങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു പ്രധാന വെല്ലുവിളി. തന്റെ വാര്‍ഡില്‍ ഗ്രാമസഭ നടക്കുന്ന കാര്യം ചെണ്ട കൊട്ടി നടന്നാണ് അവര്‍ ജനങ്ങളെ അറിയിച്ചത്. തലക്കുളത്തൂരിന്റെ എല്ലാഭാഗങ്ങളിലും വൈദ്യുതി എത്തുന്നതും അക്കാലത്താണ്. കൂടാതെ നിരവധി പേര്‍ക്ക് വീടും ടോയ്‌ലറ്റുമെല്ലാം ലഭിച്ചു.

2010ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് വൃക്കരോഗികളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായുള്ള സ്നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമിടുന്നത്. വൃക്കരോഗികള്‍ക്ക് 3000 രൂപ ധനസഹായം, മരുന്നുകള്‍ സൗജന്യമായി നല്‍കുക എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. 2020-ല്‍ രണ്ടാം തവണയും കാനത്തില്‍ ജമീലയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിച്ചു. നന്മണ്ട ഡിവിഷനില്‍ നിന്നും 8,094 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അത്തവണ അവര്‍ ജയിച്ചുകയറിത്.

2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എന്‍ സുബ്രഹ്‌മണ്യനെ ജമീല പരാജയപ്പെടുത്തി. പഞ്ചായത്തിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും നിയമസഭയിലും മത്സരിച്ച് വിജയിച്ച വ്യക്തിയെന്ന അപൂര്‍വനേട്ടവും അങ്ങനെ ജമീലയ്ക്ക് ലഭിച്ചു.