തിരുവനന്തപുരം: ഐജി കാളിരാജ് മഹേഷ്‌കുമാറിനെ കൊച്ചി സിറ്റി പോലിസ് കമ്മിഷണറാക്കി നിയമിച്ചു. കമ്മിഷണറായിരുന്ന ഹരിശങ്കറിനെ സായുധ സേനാവിഭാഗം ഡിഐജിയാക്കിയും നിയമിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹരിശങ്കറിന്റെ പിതാവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ശങ്കര്‍ദാസ് ആശുപത്രിയിലായിരുന്നു. ഇതിന് പിന്നാലെ ഹരിശങ്കര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.
കോഴിക്കോട് സിറ്റി കമ്മീഷണറായിരുന്ന ടി നാരായണനെ തൃശ്ശൂര്‍ റേഞ്ച് ഡിഐജിയാക്കി. ആഭ്യന്തര സുരക്ഷാ എസ്പി ജി ജയ്ദേവാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായിരുന്ന അരുള്‍ ബി കൃഷ്ണയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി. കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനെ ആഭ്യന്തര സുരക്ഷാ എസ്പിയായി നിയമിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പി കെ എസ് സുദര്‍ശനെ എറണാകുളം റൂറല്‍ എസ്പിയാക്കി. എറണാകുളം റൂറല്‍ എസ്പി ഹേമലതയെ കൊല്ലം കമ്മിഷണറാക്കി. കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിനെ കോസ്റ്റല്‍ പോലീസ് എഐജിയാക്കി. അവിടെനിന്ന് പദംസിങ്ങിനെ കോഴിക്കോട് ക്രമസമാധാന വിഭാഗം ഡിസിപിയാക്കി. തിരുവനന്തപുരം ഡിസിപിയായിരുന്ന ടി ഫറാഷിനെ കോഴിക്കോട് റൂറല്‍ എസ്പിയാക്കി. തപോഷ് ബസുമതാരിയാണ് തിരുവനന്തപുരം സിറ്റി ഡിസിപി. കോഴിക്കോട് ഡിസിപിയായിരുന്ന അരുണ്‍ കെ പവിത്രനെ വയനാട് ജില്ലാ പോലിസ് മേധാവിയാക്കി. വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റായിരുന്ന മുഹമ്മദ് നദീമുദ്ദീനെ റെയില്‍വേ എസ്പിയാക്കി. കൊച്ചി ഡിസിപി ജുവ്വനപ്പടി മഹേഷിനെ തിരുവനന്തപുരം റൂറല്‍ എസ്പിയാക്കി. റെയില്‍വേ എസ്പിയായിരുന്ന കെ എസ് ഷഹന്‍ഷായെ കൊച്ചി സിറ്റി ഡിസിപി-2 ആയും നിയമിച്ചു.