നരേന്ദ്ര മോദിക്കെതിരായ ഫ്ളക്‌സ്; കലാപാഹ്വാനത്തിന് കേസ്

Update: 2025-04-26 16:13 GMT

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫ്ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. പ്രധാനമന്ത്രിയെ അവഹേളിച്ച് കലാപത്തിന് പ്രകോപനം ഉണ്ടാക്കിയെന്നാണ് പോലിസ് പറയുന്നത്.

നാല് കൈകളോടുകൂടിയ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്‌സ് ബോര്‍ഡാണ് സര്‍വകലാശാലയുടെ ഗെയിറ്റിന് സമീപം സ്ഥാപിച്ചത്. കൈകളില്‍ ശൂലത്തില്‍ തറച്ച ഭ്രൂണവും മിനാരങ്ങളും താമരയും കൊലക്കയറുമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡ് കണ്ട ബിജെപി പ്രവര്‍ത്തകര്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് കോളജിലെ എസ്എഫ്‌ഐക്കാരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി.


മൂന്നു കേസുകളാണ് സംഭവത്തില്‍ പോലിസ് എടുത്തിരിക്കുന്നത്. ആരാണ് ഫ്ളകസ് സ്ഥാപിച്ചതെന്ന് കണ്ടെത്താനുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ ബോര്‍ഡായതിനാല്‍ കേന്ദ്ര ഇന്റലിജന്‍സും അന്വേഷണത്തിന്റെ ഭാഗമാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.