കടുവയെ കൊല്ലാന്‍ പ്രത്യേക ദൗത്യം; പോലിസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാരും സംഘത്തില്‍

Update: 2025-01-27 00:45 GMT

മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്ന്. ഇതിനായി 30 അംഗം പ്രത്യേക സംഘം ഇന്നു കാടുകയറും. പോലിസില്‍ നിന്നുള്ള ഷാര്‍പ്പ് ഷൂട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നലെ താറാട്ട് വച്ച് ആര്‍ആര്‍ടി അംഗമായ ജയസൂര്യയെ ആക്രമിച്ച കടുവ പഞ്ചാരക്കൊല്ലി കാടുവിട്ടിട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. ദൗത്യത്തോട് അനുബന്ധിച്ച് പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറു മണിക്കാരംഭിച്ച കര്‍ഫ്യൂ രണ്ടുദിവസം തുടരും.

അതേസമയം, കടുവയെ കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് മേനക ഗാന്ധി രംഗത്തെത്തി. ഒരു കടുവയേയും വെടിവെച്ചു കൊല്ലാനുള്ള ഉത്തവിടാനാകില്ലെന്നും കേരളം പതിവ് പോലെ നിയമം ലംഘിക്കുകയാണെന്നും മേനക ഗാന്ധി പറഞ്ഞു. കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയര്‍ക്ക് ഇഷ്ടമെന്നും അവര്‍ കുറ്റപ്പെടുത്തി.