കെ റെയില്‍ പ്രതിഷേധം ശക്തമാകുന്നു:കോഴിക്കോടും,ചോറ്റാനിക്കരയിലും സര്‍വേ മാറ്റി;കോട്ടയത്ത് സംഘര്‍ഷം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു

Update: 2022-03-22 05:41 GMT

കോഴിക്കോട്: കെറെയില്‍ പദ്ധതിക്കെതിരെ ഇന്നും സംസ്ഥാനത്ത് പ്രതിഷേധം ശക്തം.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോടും,ചോറ്റാനിക്കരയിലും കല്ലിടല്‍ നടപടികള്‍ മാറ്റിവെച്ച് അധികൃതര്‍.കോഴിക്കോട് സര്‍വേ നടപടികള്‍ മാത്രമാണ് ഉണ്ടാകുക.കോട്ടയത്ത് പോലിസും സമരക്കാരും തമ്മിലുണ്ടായ കയ്യേറ്റം സംഘര്‍ഷത്തിലേക്ക് കലാശിച്ചു.

കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ കെ റെയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനായി നാട്ടുകാരും സംഘടിച്ചെത്തി. സമരക്കാരെ പോലിസ് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.ഡിവൈഎസ്പി എജെ തോമസിന്റെ നേതൃത്വത്തിലാണ് പോലിസ് സന്നാഹം സ്ഥലത്തെത്തിയത്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടി തുടങ്ങിയതോടെ നാട്ടുകാരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. കല്ലിടാനുള്ള കുഴിയെടുക്കാന്‍ സമ്മതിച്ചില്ല. കല്ല് പ്രതിഷേധക്കാര്‍ എടുത്ത് കളഞ്ഞു.സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. ഇട്ട കല്ല് നട്ടുകാര്‍ എടുത്ത് കളയണം, കരിങ്കല്ലിനെക്കാള്‍ കഠിന ഹൃദയമുള്ളവരാണ് കല്ലിടാന്‍ നിര്‍ദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചോറ്റാനിക്കരയിലും ഇന്ന് കല്ലിടുന്നില്ല.കഴിഞ്ഞ ദിവസത്തെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. മലപ്പുറം തിരുന്നാവായയില്‍ സര്‍വേ നടപടികള്‍ വൈകുകയാണ്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വേ തുടങ്ങാത്തത്. പ്രതിഷേധക്കാരും പോലിസും സ്ഥലത്തെത്തി.

കനത്ത പ്രതിഷേധത്തിനിടയിലും സംസ്ഥാനത്ത് സര്‍വേ നടപടികള്‍പുരോഗമിക്കുകയാണ്. പ്രതിഷേധ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചായിരിക്കും ഇന്ന് കല്ലിടല്‍ നടപടികള്‍ തീരുമാനിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

Tags:    

Similar News