തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ സംഗമത്തിലും പദയാത്രയിലും മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പങ്കെടുക്കും. കെപിസിസി നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരൂമാനം. ഗുരുവായൂരിലായിരുന്ന അദ്ദേഹം സംഗമത്തില്‍ പങ്കെടുക്കാനായി ചെങ്ങന്നൂരിലേക്ക് പുറപ്പെട്ടു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണം പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും ശനിയാഴ്ചത്തെ വിശ്വാസ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാതെ അദ്ദേഹം മാറിനില്‍ക്കാന്‍ തീരുമാനിച്ചത് ഏറെ ചര്‍ച്ചയായി. തുടര്‍ന്ന് വി ഡി സതീശന്‍ മുരളീധരനുമായി സംസാരിച്ചു. അതിന് ശേഷമാണ് പുതിയ തീരുമാനം.
കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥകളുടെ ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു കെ മുരളീധരന്‍. നാല് മേഖലാ ജാഥകളും കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍നിന്ന് പന്തളത്തേക്ക് പദയാത്രയും വിശ്വാസ സംരക്ഷണ സംഗമവും നടക്കും.
കെപിസിസി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ച പേര് പരിഗണിക്കാതിരുന്നതാണ് കെ മുരളീധരനെ ചൊടിപ്പിച്ചതെന്നാണ് വിവരം. കെ എം ഹാരിസിന്റെ പേരാണ് മുരളീധരന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുനഃസംഘടന പട്ടിക വന്നപ്പോള്‍ ഈ പേരുണ്ടായിരുന്നില്ല. നിലവില്‍ 59 ജനറല്‍ സെക്രട്ടറിമാരുടെ ജംബോ പട്ടികയാണ് കെപിസിസി പുറത്തുവിട്ടിരിക്കുന്നത്. മുരളീധരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നിര്‍ദേശിച്ചയാളെ കൂടി ഇതിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. അതില്‍ ഉടന്‍ തീരുമാനമുണ്ടാവും.
