റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി

Update: 2025-12-22 05:08 GMT

തിരുവനന്തപുരം: പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

നാരായണന്റെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും മന്ത്രി രാജന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സാമൂഹിക പ്രവര്‍ത്തക പി അംബിക പറഞ്ഞു. 10 ലക്ഷത്തില്‍ കുറയാത്ത അടിയന്തര നഷ്ടപരിഹാരം, ആള്‍ക്കൂട്ട കൊല, ദലിത് അട്രോസിറ്റീസ് ആക്ട് എന്നിവ പ്രകാരമുള്ള എല്ലാ നിയമപരിരക്ഷയും ഈ കേസില്‍ ലഭ്യമാക്കും. തെഹ്‌സിന്‍ പൂനെവാല കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള നിയമപരിരക്ഷ ഈ കേസില്‍ ഉറപ്പുവരുത്തും. ബോഡി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇത്രയും കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് സമാധാനപരവും ക്ഷമയോടെയുമുള്ള കുടുംബത്തിന്റെയും സമര സമിതിയുടെയും ഇടപെടല്‍ കൊണ്ടാണ്. വൈകിയെങ്കിലും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും പി അംബിക പറഞ്ഞു.

കുടുംബത്തിന് താല്‍ക്കാലിക ദുരിതാശ്വാസമെന്ന നിലയില്‍ 10 ലക്ഷത്തില്‍ കുറയാത്ത തുക നല്‍കുമെന്ന് മന്ത്രി കെ രാജനുമായി തൃശൂര്‍ കലക്ടറേറ്റില്‍ വെച്ച് ആക്ഷന്‍ കമ്മറ്റി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തുക നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കും. മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ രാം നാരായണിന്റെ നാട്ടിലെത്തിക്കും.