''വിധികള്‍ പറഞ്ഞത് ഞാനല്ല, ദൈവമായ മുരുകനാണ്'': മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി

Update: 2025-02-08 02:34 GMT

ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ വിധികള്‍ പറഞ്ഞത് താനല്ലെന്നും ദൈവമായ മുരുകനാണെന്നും മുന്‍ ജഡ്ജി എം സൊക്കലിംഗം. ശിവഗംഗ ജില്ലയിലെ കാരൈക്കുടിയില്‍ നടന്ന ചടങ്ങില്‍ അതിഥിയായി എത്തിയപ്പോഴാണ് ജസ്റ്റിസ് എം സൊക്കലിംഗം ഇങ്ങനെ പറഞ്ഞത്. 28 വര്‍ഷം ജഡ്ജിയായിരുന്ന താന്‍ ഒരു ലക്ഷത്തില്‍ അധികം വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവയെല്ലാം ദൈവമായ മുരുകനാണ് ഇറക്കിയതെന്നുമാണ് ജസ്റ്റിസ് എം സൊക്കലിംഗം പറഞ്ഞത്.

'' ഞാന്‍ ഇറക്കിയ ഒരു ലക്ഷത്തിലധികം വിധിന്യായങ്ങളില്‍ ഒന്നുപോലും ഞാനായിട്ടു പറഞ്ഞതല്ല. എല്ലാം മുരുകന്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. മുരുകന്‍ എന്തു പറഞ്ഞുവോ അതായിരുന്നു വിധിന്യായങ്ങളെല്ലാം. ന്യായാധിപന്റെ പദവിപോലും എനിക്കു നല്‍കിയത് മുരുകനാണ്. സത്യവും സത്യസന്ധതയും ഉള്ളിടത്ത് മുരുകന്‍ വരും. കണ്ണടച്ച് വിളിച്ചാല്‍ ഹൃദയം നല്ലതാണെങ്കില്‍ മുരുകന്‍ വന്നിരിക്കും. ഭക്തിപോലെ പ്രാധാന്യമേറിയതാണ് ദാനധര്‍മങ്ങള്‍''- ജസ്റ്റിസ് സൊക്കലിംഗം വിശദീകരിച്ചു.