കോടതി പ്രളയജലത്തില്‍ മുങ്ങി; ബോട്ടിലെത്തി കേസുകള്‍ കേട്ട് ജഡ്ജി

Update: 2025-08-27 16:08 GMT

ശ്രീനഗര്‍: പ്രളയജലത്തില്‍ മുങ്ങിയ കോടതിയില്‍ ബോട്ടിലെത്തി ഉത്തരവുകള്‍ പുറപ്പെടുവിച്ച് ജഡ്ജി. അനന്ത്‌നാഗിലെ പ്രിന്‍സിപ്പില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജി താഹിര്‍ ഖുര്‍ഷിദ് റൈനയാണ് ബോട്ടില്‍ കോടതിയില്‍ എത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ പ്രളയത്തില്‍ കോടതി മുറിയിലും രേഖകള്‍ സൂക്ഷിക്കുന്ന മുറികളും ഓഫിസിലും വരെ വെള്ളം കയറിയിരുന്നു. എന്നാല്‍, ബോട്ടില്‍ കോടതിയില്‍ എത്തിയ അദ്ദേഹം കോടതി പരിശോധിച്ചു. തുടര്‍ന്ന് വിവിധ ജാമ്യക്കേസുകളിലും റിമാന്‍ഡ് അപേക്ഷകളിലും വിധി പറഞ്ഞു.


പ്രകൃതി ദുരന്തമുണ്ടായാലും കേസിലെ കക്ഷികള്‍ക്ക് നീതി നിഷേധിക്കാന്‍ കഴിയില്ലെന്ന് ജഡ്ജി റെയ്ന പറഞ്ഞു. ''ജുഡീഷ്യറി സാഹചര്യത്തിനൊത്ത് ഉയരണം. വെള്ളപ്പൊക്കം കോടതിയെ മുക്കിയിരിക്കാം, പക്ഷേ നീതി മുങ്ങരുത്.''-അദ്ദേഹം വിശദീകരിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫിറോസ് അഹമ്മദ് ഖാനും ജഡ്ജി റെയ്നയ്ക്കൊപ്പം എത്തിയിരുന്നു. ''പ്രളയബാധിത കോടതി സമുച്ചയത്തിലൂടെ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ബോട്ടില്‍ സഞ്ചരിക്കുന്ന അസാധാരണമായ കാഴ്ച, പ്രതികൂല സാഹചര്യങ്ങളില്‍ നീതി നിലനിര്‍ത്താനുള്ള ജുഡീഷ്യറിയുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.''- ഒരു അഭിഭാഷകന്‍ പറഞ്ഞു.