മുനമ്പം വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കരുത്, പ്രശ്‌നം രമ്യമായി പരിഹരിക്കണം: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍
കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും മുനമ്പം കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. മുനമ്പത്തെ ആ ആളുകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിച്ചതെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ പ്രദേശത്ത് പോയി ജനങ്ങളുടെ ജീവിതസാഹചര്യം മനസിലാക്കി. ഒരു കാരണവശാലും അവരെ മാറ്റാനാവില്ല. കേസുകളുടെ നടത്തിപ്പുകളെ കുറിച്ച് കമ്മീഷന് അറിയില്ല. വഖ്ഫ് ട്രൈബ്യൂണലില്‍ കേസ് നടക്കുന്നു, അതിന് മുകളില്‍ ഹൈക്കോടതിയില്‍ അപ്പീലുണ്ട്. വസ്തു വഖ്ഫ് ബോര്‍ഡിന് തിരിച്ചുകൊടുക്കാന്‍ കോടതികള്‍ വിധിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം.
വഖ്ഫ് ബോര്‍ഡ് നിയമ പ്രകാരം രൂപീകരിച്ച ബോര്‍ഡാണ്. വളരെ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ബോഡിയാണത്. പിന്നെയുള്ളത് ഫറൂഖ് കോളജ് മാനേജ്‌മെന്റ് ആണ്. ഈ രണ്ടു പേരുമായും സര്‍ക്കാരിന് ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കാം. രമ്യമായി പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ. അതാണ് എന്റെ ശുപാര്‍ശ. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ 1995ലെ വഖ്ഫ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭൂമി ഏറ്റെടുക്കാം. പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. പകരം ഭൂമിയോ നഷ്ടപരിഹാരമോ നല്‍കിയാല്‍ മതിയാവും. ആകെയുള്ള 404 ഏക്കറില്‍ കുറെ ഭൂമി കടലെടുത്തു പോയി. ഇപ്പോള്‍ 173 ഏക്കറേ ബാക്കിയുള്ളൂ. അതില്‍ തന്നെ 62 ഏക്കര്‍ ചിറയാണ്. പകരം ഭൂമിയാണോ നഷ്ടപരിഹാരമാണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കണം. ഈ മാസം 30ന് മുമ്പ് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
