ബാബരി മസ്ജിദിന്റെ നിര്‍മാണം അശുദ്ധമാക്കല്‍ പ്രവൃത്തിയായിരുന്നു: ഡി വൈ ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദിന്റെ നിര്‍മാണം അശുദ്ധമാക്കല്‍ പ്രവൃത്തിയായിരുന്നുവെന്ന് സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശ്രീനിവാസന്‍ ജെയ്‌നുമായി ന്യൂസ് ലോണ്‍ട്രിയില്‍ നടത്തിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇങ്ങനെ പറഞ്ഞത്. 1949ല്‍ ബാബരി മസ്ജിദില്‍ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചത് എന്തുകൊണ്ട് പ്രശ്‌നമായി മാറിയില്ലെന്ന് ചോദിച്ചപ്പോഴാണ് പള്ളിയുടെ നിര്‍മ്മാണം തന്നെ 'അടിസ്ഥാനപരമായ അശുദ്ധമാക്കല്‍ പ്രവൃത്തി' ആണെന്ന് ചന്ദ്രചൂഡ് വാദിച്ചത്. ബാബരി മസ്ജിദ് നിര്‍മിക്കുന്നതിന് മുമ്പ് എന്തെങ്കിലും നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റിയതായി സൂചിപ്പിക്കുന്ന പുരാവസ്തു തെളിവുകള്‍ ഇല്ലെന്ന് സുപ്രിംകോടതി വിധിയില്‍ തന്നെ എഴുതിയിട്ടും വിചിത്രമായ വാദമാണ് ചന്ദ്രചൂഡ് ഉയര്‍ത്തിയത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി വിശ്വാസത്തില്‍ അല്ല തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അഭിമുഖത്തില്‍ ഡി വൈ ചന്ദ്രചൂഡ് അവകാശപ്പെട്ടു.
ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് വിലക്കുന്ന ആരാധനാലയ നിയമം ഉണ്ടായിരുന്നിട്ടും ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയുടെ സര്‍വേയ്ക്ക് അദ്ദേഹം എന്തിനാണ് അനുമതി നല്‍കിയതെന്ന് ചോദിച്ചപ്പോള്‍, സ്ഥലത്തിന്റെ മതപരമായ സ്വഭാവം ഒരു അടഞ്ഞ വിഷയമല്ലെന്ന് ചന്ദ്രചൂഡ് മറുപടി നല്‍കി. യുഗങ്ങളായി ഹിന്ദുക്കള്‍ പള്ളിയുടെ നിലവറയില്‍ ആരാധന നടത്തിയിട്ടുണ്ടെന്നും അതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഗ്യാന്‍വ്യാപി മസ്ജിദ് കമ്മിറ്റി ഈ വാദത്തെ എതിര്‍ക്കുന്ന കാര്യം അദ്ദേഹം പരിഗണിച്ചില്ല.
