മെക്‌സിക്കോയില്‍ ജഡ്ജിമാരെ ജനങ്ങള്‍ തിരഞ്ഞെടുക്കും; വോട്ടെടുപ്പ് ജൂണ്‍ ഒന്നിന്, ലഹരി മാഫിയ തലവന്‍മാരും മല്‍സരത്തിന്

Update: 2025-05-25 14:22 GMT

മെക്‌സിക്കോ സിറ്റി: ജഡ്ജിമാരെ തിരഞ്ഞെടുക്കാന്‍ ജൂണ്‍ ഒന്നിന് മെക്‌സിക്കോയിലെ ജനങ്ങള്‍ വോട്ട് ചെയ്യും. രാജ്യത്തെ ഭൂരിപക്ഷം ജഡ്ജിമാരും അഴിമതിക്കാരാണെന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന നിയമം കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത്. മുന്‍ പ്രസിഡന്റായ ലോപസ് ഒബ്രദോറാണ് ഭരണകാലാവധി അവസാനിക്കുന്നതിന് മുമ്പ്, കഴിഞ്ഞ സെപ്റ്റംബറില്‍ നിയമം കൊണ്ടുവന്നത്.

രാജ്യത്തെ എല്ലാ ജഡ്ജിമാരെയും മജിസ്‌ട്രേറ്റുമാരെയും ജനം തിരഞ്ഞെടുക്കണമെന്നാണ് ഈ നിയമം പറയുന്നത്. 881 പോസ്റ്റുകളിലേക്കായി 2,600ല്‍ അധികം പേരാണ് മല്‍സരിക്കുന്നത്. നിയമബിരുദവും അഞ്ച് വര്‍ഷത്തെ പ്രാക്ടീസും ഉള്ളവര്‍ക്കാണ് ജഡ്ജി പദവിയിലേക്ക് മല്‍സരിക്കാനാവുക. കൂടാതെ കത്തുകളും ലേഖനങ്ങളും എഴുതാനും അറിയണം. സഹപ്രവര്‍ത്തകരുടെയും കൂട്ടുകാരുടെയും ശുപാര്‍ശക്കത്തുകളും വേണം.

സിനലോല കാര്‍ട്ടല്‍ എന്ന മാഫിയ സംഘത്തിന്റെ ശക്തികേന്ദ്രമായ സിനലോലയില്‍ ജില്ലാ ജഡ്ജിയായി ഡെലിയ ക്യുറോ എന്ന 41 കാരി മല്‍സരിക്കുന്നുണ്ട്. ഇവരുടെ സഹോദരനെ മാഫിയാ സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. സര്‍ക്കാരിന്റെയും കോടതിയുടെയും ഭാഗത്ത് നിന്ന് തനിക്ക് സഹായമുണ്ടായില്ലെന്ന് ഡെലിയ പറയുന്നു. ഈ ജില്ലയില്‍ ജഡ്ജി ആയിരിക്കുന്നത് അപകടകരമാണെന്ന് ഡെലിയക്ക് അറിയാം.


ഡെലിയ ക്യുറോ സഹോദരന്റെ രൂപത്തിലുള്ള പാവയുമായി

നാഷണല്‍ ഓട്ടോണോമസ് സര്‍വകലാശാലയില്‍ അധ്യാപകനായ അരിസ്തിദസ് റോഡ്രിഗോ ഗറൈരോയും മല്‍സരത്തിനുണ്ട്. ടിക്ക്‌ടോക്കിലെ കുക്കിങ് വീഡിയോകളിലൂടെ പ്രശസ്തനാണ് ഇയാള്‍.


സിനലോല കാര്‍ട്ടലിന്റെ പ്രമുഖ നേതാവായിരുന്ന ജോഖ്വിന്‍ ഗുസ്മാന്‍ എന്ന എല്‍ ചാപ്പോയുടെ അഭിഭാഷകയായിരുന്ന സില്‍വിയ ഡെല്‍ഗാഡോ ഗാര്‍സിയയും മല്‍സരിക്കുന്നുണ്ട്. സിനലോല കാര്‍ട്ടല്‍ അംഗമായതിന് യുഎസ് കോടതി ഇവരെ തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് മടങ്ങി വന്നാണ് മല്‍സരിക്കുന്നത്.



സില്‍വിയ ഡെല്‍ഗാഡോ ഗാര്‍സിയ

സിനലോല കാര്‍ട്ടല്‍ അംഗമായതിന് ആറു വര്‍ഷം യുഎസില്‍ ജയിലില്‍ കിടന്ന ലിയോപോള്‍ഡോ ഷാവേസും മല്‍സരിക്കുന്നുണ്ട്. യുഎസിലേക്ക് നാലു കിലോഗ്രാം മെത്താമെഫ്ത്താമിന്‍ അയച്ചതിനാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ഫെഡറല്‍ ജഡ്ജിയായാണ് ഷാവേസ് മല്‍സരിക്കുന്നത്. ഷാവേസിനെ യുഎസ് അധികൃതര്‍ക്ക് കൈമാറാന്‍ കേസ് നടത്തിയ ഫെര്‍ണാണ്ടോ എസ്‌കാമിലിയോ ന്യൂവോ ലിയോണില്‍ നിന്ന് ജഡ്ജിയാവാന്‍ മല്‍സരിക്കുന്നുണ്ട്. മല്‍സരിക്കുന്ന 17 പേര്‍ക്ക് ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൗരാവകാശ ഗ്രൂപ്പുകള്‍ പറയുന്നത്.